IPL 2022 : 'ഷോട്ട് ഓഫ് ദ് ടൂര്‍ണമെന്‍റ്'; ഭുവിയുടെ തന്ത്രത്തെ പ്രതിഭകൊണ്ട് മറികടന്ന് വാര്‍ണറുടെ ബൗണ്ടറി
ഡല്‍ഹി ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ സണ്‍റൈസേഴ്‌സ് പേസര്‍ ഭുവനേശ്വര്‍ കുമാറിനെ സ്വിച്ച് ഹിറ്റ് ചെയ്യാനായി സ്റ്റാന്‍സ് മാറിയതായിരുന്നു വാര്‍ണര്‍
മുംബൈ: ഐപിഎല്ലില്‍ (IPL 2022) കഴിഞ്ഞ സീസണിലെ കണക്കെല്ലാം തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) ബാറ്റ് ചെയ്യുന്ന ഡേവിഡ് വാര്‍ണറെയാണ് (David Warner) ആരാധകര്‍ കണ്ടത്. ഓപ്പണറായിറങ്ങി 58 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സറും സഹിതം പുറത്താകാതെ 92 റണ്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ഓപ്പണര്‍ നേടി. വാര്‍ണറുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ ഷോട്ട് ഓഫ് ദ് ടൂര്‍ണമെന്‍റ് എന്ന് വിളിക്കാവുന്ന ഒരു ബൗണ്ടറിയുമുണ്ടായിരുന്നു.
ഡല്‍ഹി ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ സണ്‍റൈസേഴ്‌സ് പേസര്‍ ഭുവനേശ്വര്‍ കുമാറിനെ സ്വിച്ച് ഹിറ്റ് ചെയ്യാനായി സ്റ്റാന്‍സ് മാറിയതായിരുന്നു വാര്‍ണര്‍. എന്നാല്‍ ലെഗ് സൈഡില്‍ വൈഡ് യോര്‍ക്കര്‍ എറിഞ്ഞ് വാര്‍ണറെ കബളിപ്പിക്കാന്‍ ഭുവി ശ്രമിച്ചു. പക്ഷേ അവസാന നിമിഷം തന്ത്രപൂര്‍വം തേര്‍ഡ്-മാനിലൂടെ ബൗണ്ടറിയിലേക്ക് പന്തിനെ വകഞ്ഞുവിടുകയായിരുന്നു ഡേവിഡ് വാര്‍ണര്‍. ഈ ഷോട്ടിനെ ഷോട്ട് ഓഫ് ദ് ടൂര്‍ണമെന്‍റ് എന്നാണ് നിരവധി ആരാധകര്‍ വിശേഷിപ്പിച്ചത്.
കാണാം വാര്‍ണറുടെ വിസ്‌മയ ഷോട്ട്- വീഡിയോ
വാര്‍ണര്‍ ബാറ്റ് കൊണ്ട് ആളിക്കത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തി. ഡേവിഡ് വാര്‍ണറുടെയും റോവ്‌മാന്‍ പവലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ 122 റണ്‍സിന്‍റെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. റോവ്‌മാന്‍ പവല്‍ 35 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സറും സഹിതം പുറത്താകാതെ 67 റണ്‍സ് നേടി.
സെഞ്ചുറിയടിക്കാന്‍ സിംഗിള്‍ വേണോന്ന് പവല്‍, നീ അടിച്ച് പൊളിക്കടാന്ന് വാര്‍ണര്‍! കയ്യടിച്ച് ആരാധകര്‍