IPL 2022: എനിക്കൊരിക്കലും ഇത്തരത്തില്‍ സംഭവിച്ചിട്ടില്ല, ഗോള്‍ഡന്‍ ഡക്കായതിനെക്കുറിച്ച് കോലി
ഈ സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ 216 റണ്‍സ് മാത്രമാണ് കോലി നേടിയത്. കോലിയുടെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മോശമായ രണ്ടാമത്തെ സീസണാണിത്. സീസണില്‍ നാലു തവണ ഗോള്‍ഡന്‍ ഡക്കായതിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണിപ്പോള്‍ കോലി.
മുംബൈ: കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുകയാണ് വിരാട് കോലി(Virat Kohli). ഐപിഎല്ലില്‍(IPL 2022) ഈ സീസണില്‍ മാത്രം നാലു തവണയാണ് വിരാട് കോലി പൂജ്യത്തിന് പുറത്തായത്. ഐപിഎല്‍ ചരിത്രത്തില്‍ ഈ സീസണ് മുമ്പ് മൂന്ന് തവണ മാത്രമാണ് കോലി പൂജ്യത്തിന് പുറത്തായിട്ടുള്ളത്. എന്നാല്‍ ഈ സീസണില്‍ മാത്രം നാലു തവണ പൂജ്യനായി പുറത്തായതോടെ കോലി കുറച്ചുകാലം വിശ്രമം എടുക്കണമെന്നും ഐപിഎല്‍ മതിയാക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഈ സീസണില്‍ ഹൈദരാബാദിനെതിരെ രണ്ടാം തവണയായിരുന്നു കോലി ഗോള്‍ഡന്‍ ഡക്കായത്. എന്നാല്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പുറത്താവുന്നത് കരിയറില്‍ തന്നെ ആദ്യവും. ഓരോ തവണ പുറത്താവുമ്പോഴും അവിശ്വസനീയതയോടെ ഒരു ചെറു ചിരിയുമായി നടന്നു നീങ്ങുന്ന കോലിയെ ആണ് ആരാധകര്‍ കണ്ടത്.
ഈ സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ 216 റണ്‍സ് മാത്രമാണ് കോലി നേടിയത്. കോലിയുടെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മോശമായ രണ്ടാമത്തെ സീസണാണിത്. സീസണില്‍ നാലു തവണ ഗോള്‍ഡന്‍ ഡക്കായതിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണിപ്പോള്‍ കോലി.
എന്‍റെ ദൈവമേ, കരിയറില്‍ ഒരിക്കലും ഇത്രയും തവണ ഞാന്‍ ആദ്യ പന്തില്‍ പുറത്തായിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ ഓരോ തവണ പുറത്താവുമ്പോഴും ചിരിച്ചുകൊണ്ട് ക്രീസ് വിട്ടത്. ക്രിക്കറ്റില്‍ ഞാന്‍ കാണാവുന്ന എല്ലാം കണ്ടുകഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്-ആര്‍സിബി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കോലി പറഞ്ഞു.
ഐപിഎല്ലില്‍ നിന്ന് വിശ്രമമെടുക്കാന്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഉപദേശിച്ചതിനെക്കുറിച്ചും കോലി പ്രതികരിച്ചു. അവര്‍ക്കൊരിക്കലും ഞാന്‍ കടന്നുപോകുന്ന അവസ്ഥ മനസിലാവില്ല. കാരണം, അവര്‍ക്ക് എന്‍റെ ജീവിതം ജീവിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ടിവി മ്യൂട്ട് ചെയ്യുകയോ മറ്റുള്ളവര്‍ പറയുന്നത് വായിക്കാതിരിക്കുകയോ ശ്രദ്ധിക്കാതിരിക്കുയോ ചെയ്യാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കോലി പറഞ്ഞു.