IPL 2022: കോലി വീണ്ടും ഗോള്‍ഡന്‍ ഡക്ക്, വിശ്വസിക്കാനാകാതെ ആരാധകര്‍
സീസണില്‍ ഹൈദരാബാദിനെതിരെ ആദ്യം നേരിട്ടപ്പോഴും കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണായിരുന്നു അന്ന് കോലിയെ ആദ്യ പന്തില്‍ പുറത്താക്കിയത്. ഈ സീസണ് മുമ്പ് ഐപിഎല്‍ കരിയറില്‍ ആകെ മൂന്ന് തവണ മാത്രമായിരുന്നു കോലി ഗോള്‍ഡന്‍ ഡക്കായിരുന്നത്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ആരാധകരെ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli). സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ പുറത്തായാണ് കോലി ആരാധകരെ ഒരിക്കല്‍ കൂടി നിരാശയിലാഴ്ത്തിയത്. സീസണില്‍ കോലിയുടെ നാലാമത്തെ ഗോള്‍ഡന്‍ ഡക്കാണിത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ജെ സുചിത്തായിരുന്നു ഹൈദരാബാദിനായി ആദ്യ ഓവര്‍ എറിയാനെത്തിയത്. ആദ്യ പന്ത് നേരിട്ട കോലി ലെഗ് സ്റ്റംപില്‍ വന്ന പന്തിനെ ഷോര്‍ട്ട് മിഡ്‌വിക്കറ്റില്‍ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ കൈകളിലക്ക് ഫ്ലിക്ക് ചെയ്തു. നിരുപദ്രവകരമായ പന്തില്‍ പുറത്തായത് കണ്ട് കോലിക്ക് പോലും വിശ്വസിക്കാനായില്ല.
സീസണില്‍ ഹൈദരാബാദിനെതിരെ ആദ്യം നേരിട്ടപ്പോഴും കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണായിരുന്നു അന്ന് കോലിയെ ആദ്യ പന്തില്‍ പുറത്താക്കിയത്. ഈ സീസണ് മുമ്പ് ഐപിഎല്‍ കരിയറില്‍ ആകെ മൂന്ന് തവണ മാത്രമായിരുന്നു കോലി ഗോള്‍ഡന്‍ ഡക്കായിരുന്നത്. എന്നാല്‍ ഇത്തവണ മാത്രം കോലി നാലു തവണ ഗോള്‍ഡന്‍ ഡക്കായ കോലി ആരാധകരെ തീര്‍ത്തും നിരാശരാക്കി. ഹൈദരാബാദിനെതരെ രണ്ട് തവണയും മുംബൈക്കും ലഖ്നോവിനുമെതിരെ ഓരോ തവണയുമാണ് കോലി ഇത്തവണ നേരിട്ട ആദ്യ പന്തില്‍ പുറത്തായത്.
ഈ സീസണില്‍ 12 മത്സരങ്ങളില്‍ 19 റണ്‍സ് ശരാശരിയില്‍ 216 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് ഇത്തവണ കോലിയുടെ പേരിലുള്ളത്.