IPL 2022 : കിംഗ് ഈസ് ബാക്ക്; അതും തകര്‍പ്പന്‍ റെക്കോര്‍ഡോടെ, വിരാട് കോലി ആ നേട്ടത്തിലെത്തുന്ന ആദ്യ താരം
ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി എട്ട് വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ കോലിയായിരുന്നു കളിയിലെ താരം
മുംബൈ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ബാറ്റര്‍ വിരാട് കോലിയുടെ(Virat Kohli) തകര്‍പ്പന്‍ തിരിച്ചുവരവാണ് ഇന്നലെ ആരാധകര്‍ കണ്ടത്. വിമര്‍ശനങ്ങള്‍ക്കെല്ലാം ഗംഭീര അര്‍ധസെഞ്ചുറിയുമായി ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു കിംഗ് കോലി. ഇതോടെ ടി20 ക്രിക്കറ്റില്‍ മറ്റൊരു റെക്കോർഡ് കൂടി കോലി തന്‍റെ പേരിലെഴുതി. ട്വന്‍റി 20 ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കോലി 7000 റണ്‍സ് ക്ലബിലെത്തി. കുട്ടിക്രിക്കറ്റില്‍ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 7000 റൺസ് നേടുന്ന ആദ്യ താരമാണ് വിരാട് കോലി.
ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി എട്ട് വിക്കറ്റിന് തോല്‍പിച്ചപ്പോള്‍ കോലിയായിരുന്നു കളിയിലെ താരം. ഇതോടെ ഐപിഎല്ലിൽ ഏറ്റവുമധികം മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ കോലി മൂന്നാം സ്ഥാനത്തെത്തി. 18 തവണ കളിയിലെ താരമായ രോഹിത് ശർമ്മയും 17 തവണ പുരസ്കാരം നേടിയ എം എസ് ധോണിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. വിരാട് കോലി 14-ാം തവണയാണ് കളിയിലെ താരമാകുന്നത്. സുരേഷ് റെയ്നയ്ക്കും 14 പുരസ്കാരങ്ങളുണ്ട്.
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ വിരാട് കോലിയുടെ മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കീഴടക്കി. 169 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂര്‍ കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 54 പന്തില്‍ 73 റണ്‍സെടുത്ത കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 38 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ 18 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 168-5, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18.4 ഓവറില്‍ 170-2.
ഗുജറാത്തിനെ കീഴടക്കി 14 കളികളില്‍ 16 പോയന്‍റ് നേടിയെങ്കിലും ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ മികച്ച റണ്‍റേറ്റുളള ഡല്‍ഹി ജയിച്ചാല്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. നിലവില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ റോയല്‍സിനും ബാംഗ്ലൂരിനെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. ഗുജറാത്തിനെതിരെ അതിവേഗം ലക്ഷ്യത്തിലെത്തി മൈനസ് നെറ്റ് റണ്‍റേറ്റ് പ്ലസിലെത്തിക്കാന്‍ കഴിയാതിരുന്നത് വിജയത്തിലും ബാംഗ്ലൂരിന് തിരിച്ചടിയായേക്കും.
IPL 2022: വിവാദ പുറത്താകലില്‍ രോഷം അടക്കാനാവാതെ മാത്യു വെയ്ഡ്, ഡ്രസ്സിംഗ് റൂമില്‍ നാടകീയ രംഗങ്ങള്‍