IPL 2022: ഇടത് മാറി വലതമര്‍ന്ന്; വാര്‍ണറുടെ വലംകൈയന്‍ ഷോട്ട് കണ്ട് അന്തംവിട്ട് ആരാധകര്‍
58 പന്തില്‍ 92 റണ്‍സടിച്ച് പുറത്താകാതെ നിന്ന വാര്‍ണറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ മികവിലാണ് ഡല്‍ഹി ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. അവസാന ഓവറില്‍ സെഞ്ചുറി അടിക്കാനുള്ള അവസരമുണ്ടായിട്ടും യഥാര്‍ത്ഥ ടീം മാനായ വാര്‍ണര്‍ അത് വേണ്ടെന്ന് വെച്ച് പവലിന് തകര്‍ത്തടിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ജയിച്ചു കയറിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനെ(Sunrisers Hyderabad) നയിച്ച ഡേവിഡ് വാര്‍ണറായിരുന്നു(David Warner). സീസണിടയില്‍ ക്യാപ്റ്റന്‍ സ്ഥാനവും പിന്നീട് ടീമിലെ സ്ഥാനും നഷ്ടമായ വാര്‍ണറെ ഐപിഎല്‍ താരലേലത്തിന് മുമ്പ് ഹൈദരാബാദ് കൈവിട്ടു. അതുകൊണ്ടുതന്നെ ഹൈദരാബാദിനെതിരായ മത്സരം വാര്‍ണറെ സംബന്ധിച്ച് ചില കണക്കുകള്‍ തീര്‍ക്കാനുള്ള പോരാട്ടം കൂടിയായിരുന്നു.
58 പന്തില്‍ 92 റണ്‍സടിച്ച് പുറത്താകാതെ നിന്ന വാര്‍ണറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ മികവിലാണ് ഡല്‍ഹി ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. അവസാന ഓവറില്‍ സെഞ്ചുറി അടിക്കാനുള്ള അവസരമുണ്ടായിട്ടും യഥാര്‍ത്ഥ ടീം മാനായ വാര്‍ണര്‍ അത് വേണ്ടെന്ന് വെച്ച് പവലിന് തകര്‍ത്തടിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. 92 റണ്‍സെടുത്ത വാര്‍ണറുടെ ഇന്നിംഗ്സില്‍ 12 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നു.
ഇതില്‍ ഇന്നിംഗ്സിനൊടുവില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ വാര്‍ണര്‍ നേടിയ ബൗണ്ടറി ആരാധകരെ ശരിക്കും അമ്പരപ്പിച്ചു. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ഭുവി അതുവരെ ഹൈദരാബാദിന്‍റെ ഏറ്റവും മികച്ച ബൗളറായിരുന്നു. മൂന്നോവറില്‍ 11 റണ്‍സ് മാത്രമായിരുന്നു ഭുവി അതുവരെ വഴങ്ങിയരുന്നത്.
എന്നാല്‍ ആദ്യ പന്തില്‍ ലെഗ് സ്റ്റംപിലേക്ക് മാറി നിന്ന് റിവേഴ്സ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച വാര്‍ണറെ കബളപ്പിച്ച് ഭുവി ലെഗ് സ്റ്റംപില്‍ കാലിനെ ലക്ഷ്യമാക്കി തന്നെ പന്തെറിഞ്ഞു. ഞെടിയിടകൊണ്ട് ബാറ്റിംഗ് സ്റ്റാന്‍സ് മാറ്റിയ വാര്‍ണര്‍ വലം കൈയനായി പന്ത് തേര്‍ഡ് മാനിലൂടെ ബൗണ്ടറി കടത്തിയാണ് ആരാധകരെ ഞെട്ടിച്ചത്.
വാര്‍ണറുടെ ഷോട്ട് ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരുടെ പ്രതികരണങ്ങള്‍ കാണാം.