IPL 2022 : 'രോഹിത് ശര്‍മ്മയെ പോലെയാണ് ഹാര്‍ദിക് പാണ്ഡ്യ'; വമ്പന്‍ പ്രശംസയുമായി സുനില്‍ ഗാവസ്‌കര്‍

2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു

IPL 2022 Sunil Gavaskar ultimate praise for Hardik Pandya will win your heart

അഹമ്മദാബാദ്: ഐപിഎല്ലില്‍(IPL) കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya) കിരീടത്തിലെത്തിക്കും എന്ന് അധികമാരും കരുതിയതല്ല. ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക്കിന്‍റെ പ്രകടനം പലകുറി ആരാധകര്‍ കണ്ടിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക്കിനെ ആരുമറിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്ന് മേഖലകളിലും മികവ് കാട്ടി ഐപിഎല്‍ പതിന‌ഞ്ചാം സീസണ്‍(IPL 2022) കിരീടം ഉയര്‍ത്തിയ ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍(Sunil Gavaskar). 

'ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് സെലക്‌ടര്‍മാരെ ആനന്ദിപ്പിക്കുന്നുണ്ടാകും. അദേഹം ബാറ്റ് ചെയ്യുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ബൗള്‍ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇപ്പോള്‍ ഹാര്‍ദിക് മൂന്നോ നാലോ ഓവറുകള്‍ പന്തെറിയുന്ന നിലയിലേക്കെത്തി. അദേഹം പൂര്‍ണ ഫിറ്റാണ് എന്ന് ഇത് തെളിയിക്കുന്നു. പരിക്കും ഗൗരവകരമായ ശസ്‌ത്രക്രിയയും കഴിഞ്ഞാല്‍ കാര്യങ്ങള്‍ ക്രമീകരിക്കുക പ്രയാസമായിരിക്കും. എന്നാല്‍ പാണ്ഡ്യ എല്ലാം മനോഹരമായി ചെയ്തു. 140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്നു എന്നുപറഞ്ഞാല്‍ പൂര്‍ണമായും പാണ്ഡ്യ തിരിച്ചെത്തി എന്നര്‍ഥം. ക്യാപ്റ്റനായതോടെ ഉത്തരവാദിത്തത്തോടെ ഹാര്‍ദിക് പാണ്ഡ്യ കളിക്കാന്‍ തുടങ്ങി. വിക്കറ്റ് വലിച്ചെറിയുന്നില്ല. രോഹിത് ശര്‍മ്മയെ പോലെ പാണ്ഡ്യ കളിക്കുന്നു. ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പുരോഗതിയുണ്ട്. ക്യാപ്റ്റന്‍സി ലഭിച്ചതോടെ മികച്ച സ്‌കോറുകള്‍ കണ്ടെത്താന്‍ തുടങ്ങി' എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് മികവില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ്: 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ്: 18.1 ഓവറില്‍ 133-3. 35 പന്തില്‍ 39 റണ്‍സെടുത്ത ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സായ് കിഷോര്‍ രണ്ടും റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി.

2021ലെ ടി20 ലോകകപ്പിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലില്‍ തിളങ്ങുമോ എന്ന സംശയം സജീവമായിരുന്നു. പാണ്ഡ്യ പന്തെറിയും എന്ന് ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഐപിഎല്ലില്‍ ഓള്‍റൗണ്ട് മികവുമായി ഹാര്‍ദിക് പാണ്ഡ്യ തന്‍റെ കഴിവ് കാട്ടി. ടൂര്‍ണമെന്‍റില്‍ 44.27 ശരാശരിയിലും 131.26 സ്‌ട്രൈക്ക് റേറ്റിലും 487 റണ്‍സ് പാണ്ഡ്യ നേടി. 7.27 ഇക്കോണമിയില്‍ എട്ട് വിക്കറ്റും നേടി. ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ രണ്ടാംപകുതിയില്‍ പന്തെറിയാതിരുന്ന പാണ്ഡ്യ ഫൈനലില്‍ രാജസ്ഥാനെതിരെ 17ന് മൂന്ന് വിക്കറ്റുമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. 

IPL 2022 : രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വി; ആര്‍ അശ്വിനെ പൊരിച്ച് വീരേന്ദര്‍ സെവാഗ്, ടീമിന് രൂക്ഷവിമര്‍ശനം

Latest Videos
Follow Us:
Download App:
  • android
  • ios