IPL 2022 : ശുഭ്‍മാന്‍ ഗില്ലിന് ഫിഫ്റ്റി, തെവാട്ടിയ ശ്രമിച്ചുനോക്കി; 144ല്‍ ഒതുങ്ങി ഗുജറാത്ത് ടൈറ്റന്‍സ്
ആവേഷ് ഖാനും ജേസന്‍ ഹോള്‍ഡറും എറിഞ്ഞ അവസാന രണ്ട് ഓവറില്‍ ഗുജറാത്ത് പാടുപെട്ടതോടെ സ്കോര്‍ 144ല്‍ ഒതുങ്ങുകയായിരുന്നു
പുനെ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് (Lucknow Super Giants) 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ശുഭ്‍മാന്‍ ഗില്ലിന്‍റെ (Shubman Gill) അര്‍ധ സെഞ്ചുറിയില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 144 റണ്‍സിലെത്തുകയായിരുന്നു. ഗില്‍ 49 പന്തില്‍ പുറത്താകാതെ 63 റണ്‍സെടുത്തു. ആവേഷ് ഖാന്‍ (Avesh Khan) രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ടോസ് അനുകൂലമായിട്ടും തുടക്കത്തിലെ തകരുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. വൃദ്ധിമാന്‍ സാഹയെ മൂന്നാം ഓവറിലെ നാലാം പന്തില്‍ മൊഹ്‌സിന്‍ ഖാന്‍ പുറത്താക്കിയതില്‍ തുടങ്ങി പതര്‍ച്ച. 11 പന്തില്‍ അഞ്ച് റണ്‍സ് മാത്രമായിരുന്നു സാഹയ്‌ക്കുണ്ടായിരുന്നു. പിന്നിലെ മാത്യൂ വെയ്‌ഡ്(7 പന്തില്‍ 10), നായകന്‍ ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 11) എന്നിവരെ മടക്കി ആവേഷ് ഖാന്‍ ഇരട്ട പ്രഹരം നല്‍കിയതോടെ ഗുജറാത്ത് 9.1 ഓവറില്‍ 51-3.
ഡേവിഡ് മില്ലര്‍ വെടിക്കെട്ടിന്‍റെ സൂചന കാണിച്ചുതുടങ്ങിയെങ്കിലും 24 പന്തില്‍ 26 റണ്‍സെടുത്ത് 16-ാം ഓവറില്‍ ഹോള്‍ഡറിന് കീഴടങ്ങി. ഇതേ ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. ഒരറ്റത്ത് കാലുറപ്പിച്ച ശുഭ്‌മാന്‍ ഗില്‍ പിന്നാലെ 42 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. ആവേഷ് ഖാനും ജേസന്‍ ഹോള്‍ഡറും എറിഞ്ഞ അവസാന രണ്ട് ഓവറില്‍ ഗുജറാത്ത് പാടുപെട്ടതോടെ സ്കോര്‍ 144ല്‍ ഒതുങ്ങുകയായിരുന്നു. 49 പന്തില്‍ 63* റണ്‍സെടുത്ത ഗില്ലിനൊപ്പം രാഹുല്‍ തെവാട്ടിയ (16 പന്തില്‍ 22*) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഹര്‍ദിക്കും സംഘവും ഇറങ്ങുന്നത്. ലോക്കീ ഫെര്‍ഗൂസന് പകരം മാത്യൂ വെയ്‌ഡും സായ് സുന്ദരേശന് പകരം സായ് കിഷോറും പ്രദീപ് സാങ്‌വാന് പകരം യാഷ് ദയാലും പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ഒരു മാറ്റമാണ് കെ എല്‍ രാഹുലിന്‍റെ ലഖ്‌നൗ വരുത്തിയിരിക്കുന്നത്. രവി ബിഷ്‌ണോയ് പുറത്തായപ്പോള്‍ കരണ്‍ ശര്‍മ്മ ടീമിലെത്തി.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, ജേസന്‍ ഹോള്‍ഡര്‍, കരണ്‍ ശര്‍മ്മ, ദുഷ്‌മന്ത ചമീര, ആവേഷ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍.
വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, മാത്യൂ വെയ്‌ഡ്, ഹര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍, മുഹമ്മദ് ഷമി.