IPL 2022 : എം എസ് ധോണിയുടെ ഐപിഎല്‍ ഭാവി; വമ്പന്‍ പ്രവചനവുമായി ഷൊയൈബ് അക്‌തര്‍
തോല്‍വികൊണ്ട് തലകറങ്ങിയ ടീമിനെ ക്യാപ്റ്റന്‍സി കൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ധോണി
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) നായകന്‍ എം എസ് ധോണിയുടെ (MS Dhoni) ഭാവിയെ കുറിച്ച് വമ്പന്‍ പ്രവചനവുമായി പാക് മുന്‍ പേസര്‍ ഷൊയൈബ് അക്‌തര്‍ (Shoaib Akhtar). ടീമിന് ഇപ്പോഴും നിര്‍ണായക താരമാണ് താനെന്ന് ധോണി തെളിയിക്കുന്നതിനിടെയാണ് അക്‌തറിന്‍റെ വാക്കുകള്‍. തോല്‍വികൊണ്ട് തലകറങ്ങിയ ടീമിനെ ക്യാപ്റ്റന്‍സി കൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ധോണി.
'അദേഹം എം എസ് ധോണിയാണ്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രവചിക്കുക അസാധ്യം. വേറിട്ട എന്തും അദേഹം ചെയ്യു. മഹത്തായ താരമാണ് ധോണി. നമ്മളെല്ലാം അദേഹത്തെ ഇഷ്‌ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു ദിവസം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അടുത്ത സീസണും ധോണി കളിക്കണം എന്നാണ് വ്യക്തിപരമായ എന്‍റെ അഭിപ്രായം. അല്ലെങ്കില്‍ ടീം മാനേജ്‌മെന്‍റിന്‍റെ ഭാഗമായിരിക്കണം' ധോണി എന്നും ഷൊയൈബ് അക്‌തര്‍ സ്‌പോര്‍ട്‌സ്‌കീഡയോട് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 91 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ 208 റണ്‍സാണ് നേടിയത്. ഡെവോണ്‍ കോണ്‍വെയുടെ (49 പന്തില്‍ 87) ഇന്നിംഗ്‌സാണ് ചെന്നൈയ്ക്ക് തുണയായത്. റുതുരാജ് ഗെയ്‌ക്‌വാദ് (33 പന്തില്‍ 41), ശിവം ദുബെ (19 പന്തില്‍ 32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 17.4 ഓവറില്‍ 117ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മൊയീന്‍ അലിയാണ് ഡല്‍ഹിയെ തകര്‍ത്തത്. 25 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
11 മത്സരങ്ങളില്‍ 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെന്നൈ എട്ടാമതും. ഈ സീസണില്‍ 11 മത്സരങ്ങളില്‍ 163 റണ്‍സാണ് എം എസ് ധോണിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 50 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.