IPL 2022: ഏറ്റവും മികച്ച യുവ നായകന്‍; സഞ്ജുവിനെ പ്രശംസകൊണ്ട് മൂടി ഇര്‍ഫാന്‍ പത്താന്‍

സഞ്ജുവിന്‍റെ ചെറിയ പിഴവുകളെപ്പോലും സുനില്‍ ഗവാസ്കറെപോലുളള മുന്‍ താരങ്ങള്‍ വിമര്‍ശിക്കുമ്പോഴാണ് സഞ്ജുവിന്‍റെ നായകമികവിനെ പ്രശംസിച്ച് പത്താന്‍ രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.

IPL 2022: Sanju Samson is one of the best young captains of this season says Irfan Pathan

മുംബൈ: ഐപിഎല്ലില്‍(IPL 2022) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ(LSG) തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്(RR) പ്ലേ ഓഫിന് അരികെയെത്തിയതിന് പിന്നാലെ മലയാളി താരം സ‍ഞ്ജു സാംസണിന്‍റെ(Sanju Samson) നായകമികവിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). ഐപിഎല്ലിലെ ഏറ്റവും മികച്ച യുവനായകന്‍മാരിലൊരാളാണ് സ‍ഞ്ജുവെന്ന് ലഖ്നൗവിനെതിരായ മത്സരശേഷം ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.

ഈ സീസണിലെ ഏറ്റവും മികച്ച യുവനായകന്‍മാരിലൊരാളാണ് സ‍ഞ്ജു സാംസണ്‍. ആദ്യം ബാറ്റ് ചെയ്ത് നേടിയ സ്കോര്‍ പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്റ്റന് നിര്‍ണായക റോളുള്ളത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതും അതാണെന്ന് പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

സഞ്ജുവിന്‍റെ ചെറിയ പിഴവുകളെപ്പോലും സുനില്‍ ഗവാസ്കറെപോലുളള മുന്‍ താരങ്ങള്‍ വിമര്‍ശിക്കുമ്പോഴാണ് സഞ്ജുവിന്‍റെ നായകമികവിനെ പ്രശംസിച്ച് പത്താന്‍ രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.  ഈ സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ 10 എണ്ണത്തിലും സഞ്ജുവിന് ടോസ് നഷ്ടമായിരുന്നു. ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുന്നതിനാല്‍ രാജസ്ഥാന് ഭൂരിഭാഗം മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നെങ്കിലും 13 കളികളില്‍ എട്ട് ജയങ്ങളുമായി 16 പോയന്‍റ് സ്വന്തമാക്കി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനായി.

20ന് പ്ലേ ഓഫ് കാണാതെ പുറത്തായ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് രാജസ്ഥാന്‍റെ അവസാന മത്സരം. ഇതില്‍ ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.

നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അശ്വിനെ നേരത്തെ ഇറക്കിയ സഞ്ജുവിന്‍റെ തീരുമാനത്തിനെതിരെ ഗവാസ്കര്‍ രംഗത്തെത്തിയിരുന്നു. അശ്വിനും ദേവ്ദത്ത് പടിക്കിലിനുംശേഷം സഞ്ജു ബാറ്റിംഗിനിറങ്ങിയതിനെയാണ് ഗവാസ്കര്‍ വിമര്‍ശിച്ചത്. സഞ്ജു ക്യാപ്റ്റന്‍റെ ഉത്തരവാദിത്തം കാട്ടണമെന്നും ഗവാസ്കര്‍ പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios