IPL 2022 : ജോസേട്ടന്‍ ഫോമിലാണ്, ടീം പ്രതീക്ഷയിലും; ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണായകം ജോസ് ബട്‌ലര്‍
നിർണായക ക്വാളിഫയർ പോരാട്ടത്തിനിറങ്ങുമ്പോൾ ജോസ് ബട്‍ലർ ഫോമിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തിലാണ്
രാജസ്ഥാൻ റോയല്‍സ്
അഹമ്മദാബാദ്: ഐപിഎല്ലിലെ(IPL 2022) രണ്ടാം ക്വാളിഫയറില്‍(RR vs RCB Qualifier 2) ഇന്ന് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം നായകന്‍ സഞ്ജു സാംസണാണെങ്കിലും(Sanju Samson) ടീമിന്‍റെ പ്രതീക്ഷകള്‍ മറ്റൊരു താരത്തിലാണ്. ഒറ്റയ്‌ക്ക് മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പുള്ള വെടിക്കെട്ട് വീരന്‍ ജോസ് ബട്‌ലര്‍(Jos Buttler) ഫോമിലേക്ക് തിരിച്ചെത്തിയതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore) രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്.
നിർണായക ക്വാളിഫയർ പോരാട്ടത്തിനിറങ്ങുമ്പോൾ ജോസ് ബട്‍ലർ ഫോമിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തിലാണ് രാജസ്ഥാൻ റോയല്‍സ്. ലീഗ് ഘട്ടത്തിൽ ആദ്യ ഏഴ് മത്സരങ്ങളിൽ മിന്നുംപ്രകടനം കാഴ്ചവച്ച ബട്‍ലർക്ക് പിന്നീട് താളം കണ്ടെത്താനായിരുന്നില്ല. ഗുജറാത്തിനെതിരെ തോറ്റെങ്കിലും ബട്‍ലറിന്‍റെ ഉജ്വല അർധ സെഞ്ചുറി രാജസ്ഥാന്‍റെ പ്രതീക്ഷ കൂട്ടുന്നു. ഐപിഎൽ പ്ലേ ഓഫിലേക്കുള്ള രാജസ്ഥാന്‍റെ മുന്നേറ്റത്തിൽ കരുത്തായത് ജോസ് ബട്‍ലറിന്‍റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു.
ഓറഞ്ച് ക്യാപ് തലയിലെത്തിയ ശേഷം ആർക്കും വിട്ടുകൊടുക്കാതെയുള്ള മുന്നേറ്റമാണ് ബട്‌ലര്‍ നടത്തിയത്. എന്നാല്‍ ആദ്യ ഏഴ് മത്സരങ്ങൾക്ക് ശേഷം ഫോം നഷ്ടപ്പെടുന്ന ബട്‍ലറിനെ പിന്നീട് കണ്ടു. ആദ്യ ഏഴ് കളികളിൽ 3 സെഞ്ചുറിയടക്കം 491 റൺസ് നേടിയ ബട്‍ലർ ലീഗ് ഘട്ടത്തിലെ അവസാന ഏഴ് കളിയിൽ നേടിയത് വെറും 138 റൺസ് മാത്രമായിരുന്നു. മുൻനിരയുടെ താളം നഷ്ടപ്പെടുന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ ബട്‍ലർ വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി തിരിച്ചെത്തിയത്.
സീസണിൽ 15 മത്സരങ്ങളിൽ 3 സെഞ്ചുറിയും 4 അർധ സെഞ്ചുറിയുമുൾപ്പെടെ ബട്‍ലർ 718 റൺസ് പിന്നിട്ടു. ആർസിബിക്കെതിരെയും ബട്‍ലർ ബാറ്റ് കൊണ്ടു മറുപടി നൽകുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. 2016ൽ നാല് സെഞ്ചുറിയുൾപ്പെടെ 973 റൺസ് നേടിയ വിരാട് കോലിയുടെ പേരിലാണ് റെക്കോർഡ്.
ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നായകന്‍റെ ടീം ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.