IPL 2022 : ഐപിഎല്ലില്‍ മലയാളിപ്പോര്, സഞ്ജുവും ശ്രേയസും നേര്‍ക്കുനേര്‍; ഇരു ടീമിനും വെല്ലുവിളികള്‍

മികച്ച തുടക്കം കിട്ടിയെങ്കിലും ഡൽഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റ കൊൽക്കത്ത തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്

IPL 2022 RR vs KKR Rajasthan Royals vs Kolkata Knight Riders Preview

മുംബൈ: ഐപിഎല്ലിൽ (IPL 2022) ഇന്ന് മലയാളി നായകൻമാർ നേർക്കുനേർ. വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസന്‍റെ (Sanju Samson) രാജസ്ഥാന്‍ റോയല്‍സും ശ്രേയസ് അയ്യരുടെ (Shreyas Iyer) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (Rajasthan Royals vs Kolkata Knight Riders) ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ നാലാം ജയമാണ് രാജസ്ഥാനും കൊൽക്കത്തയും ലക്ഷ്യമിടുന്നത്. 

ഇരു ടീമിനും പ്രശ്‌‌നങ്ങള്‍ 

മികച്ച തുടക്കം കിട്ടിയെങ്കിലും ഡൽഹി ക്യാപിറ്റല്‍സിനോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോറ്റ കൊൽക്കത്ത തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആന്ദ്രേ റസൽ ഒഴികെയുള്ള ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയാണ് കൊൽക്കത്തയുടെ പ്രധാന പ്രശ്നം. 179 റൺസെടുത്ത റസലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. നായകൻ ശ്രേയസ് അയ്യർ നേടിയത് ഒരേയൊരു അർധ സെഞ്ചുറി മാത്രം. വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, സാം ബില്ലിങ്സ് എന്നിവർ ഫോമിലേക്ക് തിരിച്ചെത്തിയാൽ മികച്ച സ്കോറിലെത്താം.

ബൗളിംഗിലും ആന്ദ്രേ റസലിനെ ഏറെ ആശ്രയിക്കേണ്ടിവരുന്നു കൊൽക്കത്തയ്ക്ക്. കഴിഞ്ഞ സീസണിൽ ടീമിന്‍റെ വിക്കറ്റ് വേട്ടക്കാരനായ വരുൺ ചക്രവർത്തി ഇത്തവണ നേടിയത് വെറും നാല് വിക്കറ്റ് മാത്രമാണ്. പാറ്റ് കമ്മിൻസും സുനിൽ നരെയ്‌നും മികവിലേക്കുയരാത്തതും തിരിച്ചടിയാവുന്നു. 

റൺവേട്ടയിൽ മുന്നിലുള്ള ജോസ് ബട്‍ലറും ദേവ്‍ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കത്തിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. സഞ്ജു സാംസണ്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, റാസി വാൻഡർ ഡസൻ, റിയാൻ പരാഗ്, ആര്‍ അശ്വിൻ എന്നിങ്ങനെ വാലറ്റംവരെ നീളുന്ന ബാറ്റിംഗ് കരുത്ത് രാജസ്ഥാനുണ്ട്. വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള യുസ്‍വേന്ദ്ര ചാഹലാണ് ബൗളിംഗിൽ പ്രതീക്ഷ. ട്രെന്‍റ് ബോൾട്ടിന് പകരം ജിമ്മി നീഷമെത്തിയെങ്കിലും റണ്ണൊഴുക്ക് തടയാനാകാത്തത് ആശങ്കയാണ്. 

ചെന്നൈക്ക് അഞ്ചാം തോല്‍വി

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് അഞ്ചാം തോൽവി നേരിട്ടു. ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിച്ചു. ചെന്നൈയുടെ 169 റൺസ് ഗുജറാത്ത് ഒരുപന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. അഞ്ചാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. ഇന്നലത്തെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് ഏഴ് വിക്കറ്റിന് പഞ്ചാബിനെ തോൽപിച്ചു. പഞ്ചാബിന്‍റെ 151 റൺസ് ഹൈദരാബാദ് ഏഴ് പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. 60 റൺസെടുത്ത ലയാം ലിവിംഗ്സ്റ്റനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. ഉമ്രാൻ മാലിക്ക് നാല് വിക്കറ്റ് വീഴ്ത്തി. എയ്‌ഡന്‍ മാർക്രാം, നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഹൈദരാബാദിന്‍റെ ജയം. സീസണിൽ ഹൈദരാബാദിന്റെ തുടർച്ചയായ നാലാം ജയമാണിത്. 

Santosh Trophy : ഗോള്‍മേളം തുടരാന്‍ കേരളം, എതിരാളികള്‍ ബംഗാള്‍; ഇന്ന് മഞ്ചേരി ജനസാഗരമാകും
 

Latest Videos
Follow Us:
Download App:
  • android
  • ios