IPL 2022 : ഐപിഎല്ലില്‍ ആകാംക്ഷയുടെ ദിനം; ജീവന്‍മരണ പോരാട്ടത്തിന് ആര്‍സിബി, കണക്കും സാധ്യതകളും
പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുന്നത്
മുംബൈ: ഐപിഎല്ലിൽ(IPL 2022) ആർസിബിക്ക്(RCB) ഇന്ന് ജീവൻമരണ പോരാട്ടം. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസാണ്(Royal Challengers Bangalore vs Gujarat Titans) എതിരാളികൾ. രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മാത്രമാണ് സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്.
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുന്നത്. തോറ്റാൽ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും ഒതുക്കിവയ്ക്കാം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും. ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സ് തോൽക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താൻ. 13 കളിയിൽ 10ലും ജയിച്ച് മുന്നിലുള്ള ഗുജറാത്തിനെ മറികടക്കുക ആര്‍സിബിക്ക് എളുപ്പമല്ല. വിരാട് കോലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, രജത് പട്ടിദാർ, ദിനേശ് കാർത്തിക് എന്നിങ്ങനെയുള്ള പവർ ഹിറ്റർമാർ തിളങ്ങണം വലിയ സ്കോറിലെത്താൻ.
ബൗളിംഗിലും ആശങ്കയുണ്ട്. ഫോം നഷ്ടപ്പെട്ട ജോഷ് ഹേസല്‍വുഡിന്‍റെ ശക്തമായ തിരിച്ചുവരവ് ടീം ആഗ്രഹിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ 4 ഓവറിൽ ഓസീസ് താരം വിട്ടുകൊടുത്തത് 64 റൺസാണ്. പവർപ്ലേയിലും ഡെത്ത് ഓവറിലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടാത്ത മുഹമ്മദ് സിറാജിനെ മധ്യഓവറുകളിൽ ഉപയോഗിക്കുകയാകും ഡുപ്ലസിയുടെ മുന്നിലുള്ള വഴി.
ഒന്നാംക്വാളിഫയർ നേരത്തെ ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ലൈനപ്പിലെ പോരായ്മകൾ തിരുത്താനുള്ള അവസരമാണിത്. അവസരം കിട്ടാത്തവരെ പരീക്ഷിക്കാനും മാനേജ്മെന്‍റ് തയ്യാറായേക്കും. യാഷ് ദയാലിന് പകരം പ്രദീപ് സാങ്‍വാൻ എത്തിയേക്കും. അൽസാരി ജോസഫിനെ മാറ്റി വീണ്ടും ലോക്കി ഫെർഗ്യൂസന് അവസരം നൽകാനും സാധ്യത. സീസണിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് ഗുജറാത്തിന് മുതല്‍ക്കൂട്ടായി.