IPL 2022: കിംഗായി കോലി, ജീവന്‍മരണപ്പോരാട്ടം ജയിച്ച് ബാംഗ്ലൂര്‍

ഗുജറാത്തിനെ കീഴടക്കി 14 കളികളില്‍ 16 പോയന്‍റ് നേടിയെങ്കിലും ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ മികച്ച റണ്‍റേറ്റുളള ഡല്‍ഹി ജയിച്ചാല്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്താവും.

IPL 2022: Royal Challengers Bangalore beat Gujarat Titans to keep play off hopes

മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫ്(Play Off) സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ(Gujarat Titans) കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(RCB). 169 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.54 പന്തില്‍ 73 റണ്‍സെടുത്ത കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി 38 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ 18 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 168-5, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18.4 ഓവറില്‍ 170-2.

ഗുജറാത്തിനെ കീഴടക്കി 14 കളികളില്‍ 16 പോയന്‍റ് നേടിയെങ്കിലും ബാംഗ്ലൂരിന് ഇനിയും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ശനിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ മികച്ച റണ്‍റേറ്റുളള ഡല്‍ഹി ജയിച്ചാല്‍ ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്താവും. നിലവില്‍ 16 പോയന്‍റുള്ള രാജസ്ഥാന്‍ റോയല്‍സിനും ബാംഗ്ലൂരിനെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. ഗുജറാത്തിനെതിരെ അതിവേഗം ലക്ഷ്യത്തിലെത്തി മൈനസ് നെറ്റ് റണ്‍റേറ്റ് പ്ലസിലെത്തിക്കാന്‍ കഴിയാതിരുന്നത് വിജയത്തിലും ബാംഗ്ലൂരിന് തിരിച്ചടിയായേക്കും.

തുടക്കം മുതല്‍ അടിച്ചുപൊളിച്ചു

നിര്‍ണായക പോരാട്ടത്തില്‍ അവസരത്തിനൊത്തുയര്‍ന്ന വിരാട് കോലിയാണ് ബാംഗ്ലൂരിന്‍റെ ജയം അനാസായമാക്കിയത്. തുടക്കത്തില്‍ ഡൂപ്ലെസിയെയും കോലിയെയും ഭാഗ്യവും തുണച്ചു. ഇന്‍സൈഡ് എഡ്ജുകള്‍ പലതവണ ബൗണ്ടറി തൊട്ടപ്പോള്‍ കോലി നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ റാഷിദ് ഖാന്‍ കൈവിടുകയും ചെയ്തത് ബാംഗ്ലൂരിന് അനുഗ്രഹമായി.

ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് കോലി-ഡൂപ്ലെസി സഖ്യം ഗുജറാത്തിന് മറുപടി നല്‍കിയത്. 33 പന്തില്‍ അര്‍ധെസെഞ്ചുറി തികച്ച കോലി വിമര്‍ശകരുടെ വായടപ്പിക്കുന്ന ഇന്നിംഗ്സാണ് പുറത്തെടുത്തത്. നാലാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ റാഷിദ് ഖാന്‍ കൈവിട്ടതൊഴിച്ചാല്‍ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത കോലി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചന നല്‍കി. ആറാം ഓവറില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഡൂപ്ലെസി-കോലി സഖ്യം ഒരു ഘട്ടത്തിലും ഗുജറാത്ത് ബൗളര്‍മാര്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അവസരം നല്‍കിയില്ല.

വിജയമുറപ്പിച്ചശഷം പതിനഞ്ചാം ഓവറില്‍ റാഷിദ് ഖാന്‍ ഡൂപ്ലെസിയെയും (38 പന്തില്‍ 44), പതിനേഴാം ഓവറില്‍ വിരാട് കോലിയെയും(54 പന്തില്‍ 73) പുറത്താക്കിയെങ്കിലും മാക്സ്‌വെല്ലും(18 പന്തില്‍ 40*), ദിനേശ് കാര്‍ത്തിക്കും(2*) ചേര്‍ന്ന് ബാംഗ്ലൂരിനെ വിജയവര കടത്തി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (47 പന്തില്‍ 62) അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. ഡേവിഡ് മില്ലര്‍ (34), വൃദ്ധിമാന്‍ സാഹ (31)എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബാംഗ്ലൂരിനായി ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios