IPL 2022 : ഒരുപടി മുമ്പില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്; ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് സാധ്യത ഇങ്ങനെ

രണ്ട് ടീമുകളാണ് ഇതുവരെ പ്ലേ ഓഫിലെത്തിയത്, മൂന്ന് ടീമുകള്‍ പുറത്തായി. അവശേഷിക്കുന്ന അങ്കം എങ്ങനെയെന്ന് നോക്കാം

IPL 2022 Rajasthan Royals Delhi Capitals Royal Challengers Bangalore teams in playoff battle for last two slots

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍(IPL 2022) 20 പോയിന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സാണ്(Gujarat Titans) ഒന്നാമത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) തോൽപ്പിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals) പിന്തള്ളി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(Lucknow Super Giants) 18 പോയിന്‍റുമായി രണ്ടാമതെത്തി. ഈ രണ്ട് ടീമുകളാണ് ഇതുവരെ പ്ലേ ഓഫിലെത്തിയത്. 

ഇനിയുള്ള മത്സരങ്ങള്‍ ക്വാര്‍ട്ടര്‍ഫൈനലിന് സമാനം. 16 പോയിന്‍റുമായി രാജസ്ഥാന്‍ റോയല്‍സ് മൂന്നാമത് നില്‍ക്കുന്നു. ഡൽഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകൾ 14 പോയിന്‍റുമായി നാലും അഞ്ചും സ്ഥാനത്തുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾക്ക് 12 പോയിന്‍റ് വീതമാണ് ഉള്ളത്. ചെന്നൈ 8 പോയിന്‍റുമായി ഒൻപതാം സ്ഥാനത്തും മുംബൈ 6 പോയിന്‍റുമായി അവസാന സ്ഥാനത്തുമാണ്.

ഒന്നാം ക്വാളിഫയറിലെ രണ്ടാമത്തെ ടീം ആരെന്നറിയാൻ രാജസ്ഥാന്‍റെ മത്സരം വരെ കാത്തിരിക്കണം. അവസാന മത്സരത്തിൽ ജയിച്ചാൽ രാജസ്ഥാന് ഒന്നാം ക്വാളിഫയറിൽ യോഗ്യത നേടാം. അങ്ങനെയെങ്കിൽ ഫൈനലിലേക്കുള്ള വഴിയിൽ ഒരു തോൽവി വഴങ്ങിയാലും സാധ്യത ബാക്കിയുണ്ട്. 13 കളിയിൽ 14 പോയിന്റുള്ള ആർസിബിക്ക് നെഗറ്റീവ് റൺനിരക്കാണ് തിരിച്ചടി. ഒരു മത്സരം ബാക്കിയുള്ള ഡൽഹിയാണ് പ്ലേ ഓഫ് സാധ്യതയിൽ മുന്നിലുള്ള മറ്റൊരു ടീം. നെഗറ്റീവ് റൺനിരക്കുള്ള പഞ്ചാബ്, ഹൈദരാബാദ് ടീമുകൾക്ക് ഒരു മത്സരം ബാക്കിനിൽക്കെ വളരെ വിദൂരമായ സാധ്യതയുണ്ടെങ്കിലും മറ്റ് മത്സരഫലവും നിർണായകമാണ്. 

അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതിവീണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുകയായിരുന്നു. രണ്ട് റണ്‍സിനാണ് കെകെആറിന്‍റെ പരാജയം. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനേയായുള്ളൂ. അവസാന ഓവറുകളില്‍ റിങ്കു സിംഗും(15 പന്തില്‍ 40) സുനില്‍ നരെയ്‌നും(7 പന്തില്‍ 21*) നടത്തിയ വെടിക്കെട്ട് പാഴായി. നേരത്തെ ക്വിന്‍റണ്‍ ഡികോക്കിന്‍റെ(70 പന്തില്‍ 140) ഇടിവെട്ട് സെഞ്ചുറിയാണ് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗവിനെ 20 ഓവറില്‍ 210-0 എന്ന സ്‌കോറിലെത്തിച്ചത്. 

IPL 2022 : വിജയം ഒരു കൈയില്‍ തട്ടിയെടുത്ത് ലെവിസിന്‍റെ വണ്ടര്‍; കാണാം ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച്

Latest Videos
Follow Us:
Download App:
  • android
  • ios