IPL 2022 : ഏറ്റവും മികച്ച ടീമിനെ ഇറക്കുക സഞ്ജുവിന് വെല്ലുവിളി; ഗുജറാത്തിനെതിരെ രാജസ്ഥാന്‍ ടീം സാധ്യതകള്‍

യശസ്വി ജയ്‌സ്വാള്‍-ജോസ് ബട്‌ലര്‍ സഖ്യമാകും രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക

IPL 2022 Qualifier 1 Rajasthan Royals Predicted Playing XI against Gujarat Titans

കൊല്‍ക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയര്‍(IPL 2022 Qualifier 1) ഇന്ന് നടക്കുമ്പോള്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയിലാണ്. സഞ്ജു സാംസണ്‍(Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) ഫൈനല്‍ തേടി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(Gujarat Titans) മുഖാമുഖം വരികയാണ്. അരങ്ങേറ്റ സീസണില്‍ തന്നെ വിസ്‌മയ കുതിപ്പുമായി അമ്പരപ്പിച്ച ഗുജറാത്തിനെതിരെ പ്ലേയിംഗ് ഇലവനില്‍ ഭാഗ്യപരീക്ഷണത്തിന് സ‌ഞ്ജു സാംസണ് ഒരിഞ്ച് പോലും സാധ്യതയില്ല എന്നതാണ് വസ്‌തുത. അതിനാല്‍ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ തന്നെ അണിനിരത്താന്‍ രാജസ്ഥാന്‍ നിര്‍ബന്ധിതരാവും. രാജസ്ഥാന്‍ റോയല്‍സിന്‍റെ സാധ്യതാ ഇലവന്‍ നോക്കാം. 

യശസ്വി ജയ്‌സ്വാള്‍-ജോസ് ബട്‌ലര്‍ സഖ്യമാകും രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഇരുവരും നല്‍കുന്ന തുടക്കം നിര്‍ണായകമാകും. സീസണിന്‍റെ ആദ്യ ഘട്ടത്തിലെ ഫോമിലേക്ക് ബട്‌ലര്‍ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം ജയ്‌സ്വാള്‍ ഫോമിലാണ്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 44 പന്തില്‍ 59 റണ്‍സ് നേടിയിരുന്നു. നായകന്‍ സഞ്ജു സാംസണ്‍, മറ്റൊരു മലയാളി ബാറ്റര്‍ ദേവ്‌ദത്ത് പടിക്കല്‍ എന്നിവരുടെ പ്രകടനം നിര്‍ണായമാകും. അവശ്യഘട്ടത്തില്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ബാറ്റില്‍ നിന്ന് സിക്‌സറുകള്‍ പെയ്യും എന്നതും പ്രതീക്ഷയാണ്. 

റിയാന്‍ പരാഗിനൊപ്പം ബാറ്റിംഗില്‍ കൂടി തന്‍റെ പ്രതിഭ പതിപ്പിക്കുന്ന രവിചന്ദ്ര അശ്വിന്‍റെ ഫോം രാജസ്ഥാന്‍റെ വിധിയെഴുത്തില്‍ നിര്‍ണായകം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ അശ്വിന്‍ 23 പന്തില്‍ പുറത്താകാതെ 40 റണ്‍സ് നേടിയിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ തന്നെയാവും സ്‌പിന്‍ കെണിയൊരുക്കുന്നതില്‍ അശ്വിന് കൂട്ട്. ട്രെന്‍ഡ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയും അണിനിരക്കുന്ന പേസ് നിരയും രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത. ചെന്നൈക്കെതിരെ ചാഹലും മക്കോയും രണ്ട് വീതം വിക്കറ്റ് നേടിയിരുന്നു.  

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴരയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയര്‍ മത്സരം തുടങ്ങുക. ഗുജറാത്ത് ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുമ്പോൾ ആദ്യ സീസണിലെ ചരിത്രനേട്ടം ആവർത്തിക്കാൻ രാജസ്ഥാൻ ഇറങ്ങുന്നു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായതിനാൽ ഇന്ന് തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എലിമിനേറ്റർ വിജയികളെ നേരിടാം.  

IPL 2022 : ഗുജറാത്തിനെ മലര്‍ത്തിയടിക്കാന്‍ സഞ്ജുപ്പട; ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

Latest Videos
Follow Us:
Download App:
  • android
  • ios