IPL 2022 : പവര്‍പ്ലേയില്‍ ഓപ്പണര്‍ പൂജ്യത്തിന് പുറത്ത്; ആര്‍സിബിയുടെ അക്കൗണ്ടില്‍ ഒരു മോശം റെക്കോര്‍ഡ് കൂടി
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആര്‍സിബി ക്യാപ്റ്റനും ഓപ്പണറുമായ ഫാഫ് ഡു പ്ലെസിസ് (Faf du Plessis) പവര്‍പ്ലേയില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായതോടെയാണ് ആര്‍സിബിയുടെ (RCB) അക്കൗണ്ടില്‍ ഒരു ടീമും ആഗ്രഹിക്കാത്ത റെക്കോര്‍ഡ് വന്നെത്തിയത്.
മുംബൈ: ഐപിഎല്‍ (IPL 2022) 15-ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അക്കൗണ്ടില്‍ ഒരു മോശം റെക്കോര്‍ഡ് കൂടി. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ആര്‍സിബി ക്യാപ്റ്റനും ഓപ്പണറുമായ ഫാഫ് ഡു പ്ലെസിസ് (Faf du Plessis) പവര്‍പ്ലേയില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായതോടെയാണ് ആര്‍സിബിയുടെ (RCB) അക്കൗണ്ടില്‍ ഒരു ടീമും ആഗ്രഹിക്കാത്ത റെക്കോര്‍ഡ് വന്നെത്തിയത്. പവര്‍ പ്ലേയില്‍ ഒരു ആര്‍സിബി ഓപ്പണര്‍ ആറാം തവണയാണ് റണ്‍സൊന്നുമെടുക്കാതെ പുറത്താവുന്നത്.
അനുജ് റാവത്ത് മൂന്ന് തവണ റണ്‍സൈാന്നുമെടുക്കാതെ പുറത്തായി. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് തവണയും റണ്‍സെടുക്കാതെ പവര്‍പ്ലേയില്‍ മടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഡുപ്ലെസിസും. മറ്റേത് ടീമിലും ആദ്യ മൂന്ന് താരങ്ങള്‍ ഇത്തരത്തില്‍ പൂജ്യത്തിന് പുറത്തായിട്ടില്ല. ഈ സീസണില്‍ ആര്‍സിബിയുടെ ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ ശരാശരിക്കും താഴെയാണ്. ആദ്യ നാല് മത്സരത്തില്‍ 50, 1, 55, 50 എന്നിവങ്ങനെയായിരുന്നു ഓപ്പണര്‍മാരുടെ സംഭാവന. എന്നാല്‍ അവസാന ആറിലേക്കെത്തിയപ്പോള്‍ 14, 5, 7, 5, 10, 11 എന്നങ്ങനെയായി.
ഗുജറാത്തിനെതിരെ മുംബൈ ബ്രാബോണ്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിട്ടുണ്ട്. കോലിക്കൊപ്പം (55) ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് (7) ക്രീസില്‍. 49 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്‌സ്. രജത് പടിദാറാണ് (32 പന്തില്‍ 52) അവസാനം പുറത്തായത്. 32 പന്തുകള്‍ നേരിട്ട പടിദാര്‍ രണ്ട് സിക്‌സും ആറ് ഫോറും നേടി. പ്രദീപ് സാംഗ്‌വാനാണ് രണ്ട് വിക്കറ്റുകളും. നേരത്തെഫാഫ് ഡു പ്ലെസിയെ (0) മടക്കിയതും സാംഗ്‌വാനായിരുന്നു.
ഒരു മാറ്റം വരുത്തിയാണ് ആര്‍സിബി ഇറങ്ങിയത്. മഹിപാല്‍ ലോംറോര്‍ ടീമിലെത്തി. സുയഷ് പ്രഭുദേശായ് പുറത്തായി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. യഷ് ദയാലിന് പകരം പ്രദീപ് സാംഗ്‌വാന്‍ ടീമിലെത്തി. അഭിനവ് മനോഹറും പുറത്തായി. സായ് സുദര്‍ശനാണ് പകരക്കാരന്‍.
പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്താനുള്ള ശ്രമമാണ് ആര്‍സിബി നടത്തുക. നിലവില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍. ഒമ്പത് മത്സരങ്ങളില്‍ പത്ത് പോയിന്റാണ് ആര്‍സിബിക്കുള്ളത്. എട്ട് മത്സരങ്ങളില്‍ 14 പോയിന്റുള്ള ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ജയിച്ചാല്‍ ഹാര്‍ദിക്കിനും സംഘത്തിനും പ്ലേഓഫിനോട് ഒരു പടി കൂടി അടുക്കാം.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, പ്രദീപ് സാംഗ്‌വാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.