സിക്‌സ് പോയെന്ന് കരുതി തലയില്‍ കൈവെച്ച് ബൗളര്‍, അപ്രതീക്ഷിതമായി പന്ത് പിടിച്ച് ഫീല്‍ഡര്‍; ഇതെന്തെ് കഥ
പന്ത് അതിര്‍ത്തികടന്ന് സിക്‌സറായി എന്നുകരുതി ബൗളര്‍ തലയില്‍ കൈവെച്ച് നില്‍ക്കുമ്പോള്‍ ബോള്‍ ഫീല്‍ഡറുടെ കൈകളില്‍ ഭദ്രമാവുകയായിരുന്നു
കൊല്‍ക്കത്ത: ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കാഴ്‌ച ആരാധകര്‍ കണ്ടിട്ടുണ്ടാകാന്‍ സാധ്യതയില്ല. ഐപിഎല്‍ ക്വാളിഫയറില്‍(GT vs RR Qualifier 1) ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ്(Gujarat Titans vs Rajasthan Royals) മത്സരത്തിലായിരുന്നു ഈ അത്യപൂര്‍വ കാഴ്‌ച. പന്ത് അതിര്‍ത്തികടന്ന് സിക്‌സറായി എന്നുകരുതി ബൗളര്‍ തലയില്‍ കൈവെച്ച് നില്‍ക്കുമ്പോള്‍ ബോള്‍ ഫീല്‍ഡറുടെ കൈകളില്‍ ഭദ്രമാവുകയായിരുന്നു.
രാജസ്ഥാന്‍ റോയല്‍സിന്‍റെ 188 റണ്‍സ് പിന്തുടരവേ വൃദ്ധിമാന്‍ സാഹയെ അക്കൗണ്ട് തുറക്കും മുമ്പേ നഷ്‌ടമായ ഗുജറാത്ത് ടൈറ്റന്‍സിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു ശുഭ്‌മാന്‍ ഗില്ലും മാത്യൂ വെയ്‌ഡും. ഗില്ലിനെ 35ല്‍ നില്‍ക്കേ നഷ്‌ടമായപ്പോള്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ, വെയ്‌ഡിന്‍റെ കൂട്ടിനെത്തി. വെയ്‌ഡ് കുതിക്കുമ്പോഴാണ് 10-ാം ഓവറില്‍ ഒബെഡ് മക്കോയ് പന്തെറിയാനെത്തിയത്. മൂന്നാം പന്തില്‍ പുള്‍ ഷോട്ട് കളിച്ച് സിക്‌സറിന് ശ്രമിച്ചു വെയ്‌ഡ്. മക്കോയ് ആവട്ടെ ഇത് സിക്‌സര്‍ തന്നെയെന്ന് ഉറപ്പിച്ചു. പന്ത് വെയ്‌ഡിന്‍റെ ബാറ്റില്‍ നിന്ന് പറന്നതും മക്കോയ് തലതാഴ്‌ത്തി കൈ മുഖത്തുവച്ച് നിന്നു. എന്നാല്‍ മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ അപ്രതീക്ഷിതമായി പന്ത് ബട്‌ലര്‍ പിടികൂടി. ബട്‌ലറുടെ കൈകളില്‍ പന്ത് ഒതുങ്ങിയതിന് ശേഷം മാത്രമാണ് മക്കോയ് ഈ കാഴ്‌ച കണ്ടത്. 30 പന്തില്‍ 35 റണ്‍സാണ് മാത്യൂ വെയ്‌ഡ് നേടിയത്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും മത്സരത്തില്‍ കില്ലര്‍ മില്ലറുടെ വെടിക്കെട്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്‍റെ ജയവുമായി ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളുമായാണ് മില്ലര്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ മൂന്ന് റണ്‍സുമായി ജയ്‌സ്വാള്‍ പുറത്തായ ശേഷമെത്തിയ സാംസണ്‍ ബട്‌ലര്‍ക്കൊപ്പം രാജസ്ഥാനെ കരകയറ്റുകയായിരുന്നു. യഷ് ദയാലിനെതിരെ സിക്‌സടിച്ചാണ് സഞ്ജു തുടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ബട്‌ലര്‍ക്കൊപ്പം 68 റണ്‍സ് മലയാളി താരം കൂട്ടിച്ചേര്‍ത്തു. ഫൈനലിലെത്താന്‍ രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.
IPL 2022 : റണ്ണൗട്ടായതിന് പരാഗിന്‍റെ കലിപ്പ് മൊത്തം അശ്വിനോട്- വീഡിയോ