IPL 2022: സൂര്യകുമാര്‍ യാദവിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്
2019ല്‍ ഉത്തരാഖണ്ഡിനായി അരങ്ങേറിയ ആകാശ് മധ്‌വാള്‍ മുമ്പ് മുംബൈ ഇന്ത്യന്‍സിന്‍റെ പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുത്തിട്ടുണ്ട്. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന മധ്‌വാള്‍ മുംബൈ ഇന്ത്യന്‍സില്‍ നെറ്റ് ബൗളര്‍ ആയിരുന്നു ഇതുവരെ.
മുംബൈ: ഐപിഎല്ലില്‍(IPL 2022) അവസാന രണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റ് പുറത്തായ സൂര്യകുമാര്‍ യാദവിന്‍റെ(Suryakumar Yadav) പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ഉത്തരാഖണ്ഡില്‍ നിന്നുള്ള പേസര്‍ 28കാരനായ ആകാശ് മധ്‌വാള്‍(Akash Madhwal) ആണ് സൂര്യകുമാറിന്‍റെ പകരക്കാരന്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള ആകാശ് മധ്‌വാള്‍ 15 ടി20 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അടിസ്ഥാനവിലയായ 20 ലക്ഷം രൂപക്കാണ് ആകാശ് മധ്‌വാളിനെ മുംബൈ ടീമിലെടുത്തത്.
2019ല്‍ ഉത്തരാഖണ്ഡിനായി അരങ്ങേറിയ ആകാശ് മധ്‌വാള്‍ മുമ്പ് മുംബൈ ഇന്ത്യന്‍സിന്‍റെ പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുത്തിട്ടുണ്ട്. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന മധ്‌വാള്‍ മുംബൈ ഇന്ത്യന്‍സില്‍ നെറ്റ് ബൗളര്‍ ആയിരുന്നു ഇതുവരെ.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് ഈ സീസണില്‍ മുംബൈയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷയായിരുന്ന സൂര്യകുമാറിന്‍റെ ഇടത് കൈത്തണ്ടയിലെ പേശികള്‍ക്ക് പരിക്കേറ്റത്. പരിക്കിനെത്തുടര്‍ന്ന് സീസണിലെ ആദ്യ മത്സരങ്ങളിലും സൂര്യകുമാറിന് കളിക്കാനായിരുന്നില്ല. സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 43.29 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം 303 റണ്‍സടിച്ച സൂര്യകുമാറായിരുന്നു മുംബൈയുടെ ബാറ്റിംഗ് നട്ടെല്ല്.
ഐപിഎല്ലില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ സീസണിലെ ആദ്യ എട്ട് മത്സരങ്ങളിലും തോറ്റ് നാണക്കേടിന്‍റെ റെക്കോര്‍ഡിട്ടിരുന്നു. സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ജയിച്ച് ആറ് പോയന്‍റ് മാത്രമുള്ള മുംബൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.