IPL 2022 : കൊല്‍ക്കത്തയ്‌ക്കെതിരെ ശ്രദ്ധാകേന്ദ്രം രോഹിത് ശര്‍മ്മ; ഹിറ്റ്‌മാനെ കാത്ത് ഒരുപിടി റെക്കോര്‍ഡുകള്‍
88 റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ രോഹിത്തിന് 5000 റണ്‍സ് പൂര്‍ത്തിയാക്കാം
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (Kolkata Knight Riders) പ്രതീക്ഷകള്‍ തച്ചുതകര്‍ക്കാന്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്നിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma). ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത്തിന് മുന്നില്‍ ഒന്നിലധികം നാഴികക്കല്ലുകളാണ് ഇന്ന് കാത്തിരിക്കുന്നത്.
88 റണ്‍സ് കൂടി നേടിയാല്‍ ടി20യില്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ രോഹിത്തിന് 5000 റണ്‍സ് പൂര്‍ത്തിയാക്കാം. 4912 റണ്‍സാണ് ഇപ്പോള്‍ രോഹിത്തിന്‍റെ പേരിനൊപ്പമുള്ളത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ ഹിറ്റ്‌മാന് ഒരു റണ്‍ കൂടി മതി. 12 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ഏതെങ്കിലുമൊരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1029 റണ്‍സ് നേടിയിട്ടുള്ള ശിഖര്‍ ധവാന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ 900 ഫോറുകള്‍ തികയ്‌ക്കാന്‍ രോഹിത്തിന് ഏഴ് ബൗണ്ടറികള്‍ കൂടി മതിയെന്നതും ശ്രദ്ധേയം.
മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളി തുടങ്ങുക. പ്ലേഓഫ് കാണില്ലെന്ന് ഇതിനകം ഉറപ്പായ മുംബൈ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് വരുന്നതെങ്കിലും സൂപ്പര്‍താരം കെയ്റോണ്‍ പൊള്ളാര്‍ഡിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് ആശ്വാസമാണ്. മത്സരം മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ ഇരുവരും 74 റണ്‍സ് ചേര്‍ത്തിരുന്നു.
മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ടിം ഡേവിഡ്, മുരുകന്‍ അശ്വിന്‍, ഡാനിയേല്‍ സാംസ്, ജസ്‌പ്രീത് ബുമ്ര, കാര്‍ത്തികേയ സിംഗ്, റിലെ മെരിഡിത്ത്.