IPL 2022 : രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ ബേസില്‍ ജോസഫും ഭാര്യയും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണുമായി വളരെ അടുപ്പമുള്ളയാളാണ് ബേസില്‍ ജോസഫ്

IPL 2022 Malayalam film director Basil Joseph and wife in Rajasthan Royals jersey photo viral

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ്(Rajasthan Royals vs Delhi Capitals) മത്സരത്തിന് സാക്ഷ്യം വഹിച്ച് ചലച്ചിത്ര സംവിധായകന്‍ ബേസില്‍ ജോസഫ്(Basil Joseph). മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍(DY Patil Sports Academy) മത്സരം കാണുന്നതിന്‍റെ ചിത്രം ബേസില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഭാര്യ എലിസബത്ത്, ബേസിലിന് ഒപ്പമുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ ജേഴ്‌സിയിലായിരുന്നു ഇരുവരും മത്സരം കാണാനെത്തിയത്. 

രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണുമായി വളരെ അടുപ്പമുള്ളയാളാണ് ബേസില്‍ ജോസഫ്. ഇരുവരും തമ്മിലുള്ള അഭിമുഖം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

എന്നാല്‍ മത്സരത്തില്‍ തോല്‍വിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ വിധി. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും(7), യശ്വസി ജയ്‌സ്വാളും(19) പുറത്തായ ശേഷം ആര്‍ അശ്വിനെ മൂന്നാമനായും ദേവ്‌ദത്ത് പടിക്കലിനെ നാലാമനായും ക്രീസിലേക്ക് അയച്ച സഞ്ജുവിന്‍റെ തന്ത്രം ഫലിച്ചു. എന്നാല്‍ സ്വന്തം ബാറ്റിംഗില്‍ സഞ്ജുവിന് പിഴച്ചു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 50 റണ്‍സെടുത്ത ആര്‍ അശ്വിന്‍റെ പ്രകടനമാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാനെ കരകയറ്റിയത്. 38 പന്തില്‍ 48 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലിന്‍റെ പോരാട്ടവും തുണയായി. സഞ്ജുവാകട്ടെ നാല് പന്തില്‍ ആറ് റണ്‍സില്‍ പുറത്തായി. 

മറുപടി ബാറ്റിംഗില്‍ ഓസീസ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് ജയത്തിലെത്തി. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർ‍ത്ത് ഡൽഹി ആറാം ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്‍റെ 160 റൺസ് ഡൽഹി 11 പന്ത് ശേഷിക്കേ മറികടന്നു. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 89 ഉം ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 52 ഉം റണ്‍സെടുത്തു. 4 പന്തില്‍ 13 റണ്‍സുമായി ഡല്‍ഹി നായകന്‍ റിഷഭ് പന്തും പുറത്താകാതെ നിന്നു. 

IPL 2022 : 'ഉത്തരവാദിത്തം കാട്ടണം'; ബാറ്റിംഗ്‌ ക്രമത്തിലെ ചാഞ്ചാട്ടത്തിന് സഞ്ജുവിനെ കടന്നാക്രമിച്ച് ഗാവസ്‌കര്‍

Latest Videos
Follow Us:
Download App:
  • android
  • ios