IPL 2022: പൊരുതിയത് ഡീകോക്കും ഹൂഡയും മാത്രം, പഞ്ചാബിനെതിരെ വമ്പന്‍ സ്കോറില്ലാതെ ലഖ്നൗ
മികച്ച തുടക്കം പ്രതീക്ഷിച്ചിറങ്ങിയ ലഖ്നൗവിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(6) തുടക്കത്തിലെ മടങ്ങി. റബാഡക്കായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ദീപക് ഹൂഡയും ഡീ കോക്കും ചേര്‍ന്ന് 85 റണ്‍സ് കൂട്ടുകെട്ടിലൂടെ ലഖ്നൗവിന് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.
പുനെ: ഐപിഎല്ലിൽ (IPL 2022) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ പഞ്ചാബ് കിംഗ്സിന്(Punjab Kings vs Lucknow Super Giants) 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കും 34 റണ്‍സെടുത്ത ദീപക് ഹൂഡയും മാത്രമാണ് ലഖ്നൗവിനായി പൊരുതിയത്. പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുല്‍ ചാഹര്‍ രണ്ടും വിക്കറ്റെടുത്തു.
രാഹുല്‍ ആദ്യമേ മടങ്ങി
മികച്ച തുടക്കം പ്രതീക്ഷിച്ചിറങ്ങിയ ലഖ്നൗവിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(6) തുടക്കത്തിലെ മടങ്ങി. റബാഡക്കായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ദീപക് ഹൂഡയും ഡീ കോക്കും ചേര്‍ന്ന് 85 റണ്‍സ് കൂട്ടുകെട്ടിലൂടെ ലഖ്നൗവിന് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. പതിമൂന്നാം ഓവറില്‍ ഡീ കോക്കിനെ സന്ദീപ് ശര്‍മ പുറത്താക്കുകയും തൊട്ടടുത്ത ഓവറില്‍ ഹൂഡ റണ്ണൗട്ടാവുകയും ചെയ്തതോടെ ലഖ്നൗവിന്‍റെ നടുവൊടിഞ്ഞു.
രണ്ടാം സ്പെല്ലിനെത്തിയ റബാഡ ക്രുനാല്‍ പാണ്ഡ്യ(7), ആയുഷ് ബദോനി(4), എന്നിവരെ വീഴ്ത്തിയപ്പോള്‍ സ്റ്റോയ്നിസിനെ(1) ചാഹര്‍ മടക്കി. ഇതോടെ 109-5ലേക്ക് ലഖ്നൗ വീണു. അവസാന ഓവറുകളില്‍ ജേസണ്‍ ഹോള്‍ഡറും(11), ദുഷ്മന്ത് ചമീരയും(17) മൊഹ്സിന്‍ ഖാനും(13*) നടത്തിയ പോരാട്ടം ലഖ്നൗവിനെ 150 കടത്തി.
പഞ്ചാബിനായി റബാഡ നാലോവറില്‍ 38 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയും നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്‍ഷദീപ് സിംഗും ബൗളിംഗില്‍ തിളങ്ങി.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നും ഇല്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങിയത്. അതേസമയം, ലഖ്നൗ ടീമില്‍ ഒരു മാറ്റമുണ്ട്. മനീഷ് പാണ്ഡെക്ക് പകരം പേസര്‍ ആവേശ് ഖാന്‍ ടീമില്‍ തിരിച്ചെത്തി.