IPL 2022 : വിജയം ഒരു കൈയില്‍ തട്ടിയെടുത്ത് ലെവിസിന്‍റെ വണ്ടര്‍; കാണാം ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച്
തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് റിങ്കു സിംഗിന്‍റെയും സുനില്‍ നരെയ്‌ന്‍റെയും വെടിക്കെട്ടില്‍ തിരിച്ചുവന്ന ശേഷം കൊല്‍ക്കത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു
മുംബൈ: മത്സരഫലം ഒരു സെക്കന്‍ഡില്‍ മാറ്റിമറിച്ചൊരു ക്യാച്ച്. ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(KKR vs LSG) മത്സരം ഫലം നിശ്ചയിച്ചത് കെകെആര്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിന്‍റെ അഞ്ചാം പന്തില്‍ റിങ്കു സിംഗിനെ പുറത്താക്കാന്‍(Rinku Singh) ബൗണ്ടറിയില്‍ നിന്ന് മുന്നോട്ടോടിയെത്തി എവിന്‍ ലെവിസ്(Evin Lewis) എടുത്ത ഒറ്റക്കൈയന്‍ പറക്കും ക്യാച്ചാണ്. ഇതാണ് ലഖ്‌നൗവിന് രണ്ട് റണ്‍സിന്‍റെ ആവേശ ജയവും പ്ലേ ഓഫ് പ്രവേശനവും സമ്മാനിച്ചത്.
തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് റിങ്കു സിംഗിന്‍റെയും സുനില്‍ നരെയ്‌ന്‍റെയും വെടിക്കെട്ടില്‍ തിരിച്ചുവന്ന ശേഷം കൊല്‍ക്കത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ആന്ദ്രേ റസലിനെ പോലൊരു കൂറ്റനടിക്കാരന്‍ ഇഴഞ്ഞപ്പോള്‍ കൊല്‍ക്കത്ത ഒരവസരത്തില്‍ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍ 18-ാം ഓവറില്‍ ആവേഷ് ഖാനെ 17 റണ്‍സിന് തൂക്കി സുനില്‍ നരെയ്‌നും റിങ്കു സിംഗും കെകെആറിന് പ്രതീക്ഷ നല്‍കി. അവസാന 6 പന്തില്‍ ജയിക്കാന്‍ വേണ്ട 21 റണ്‍സിലേക്ക് റിങ്കു സിംഗ് 4, 6, 6, 2 എന്നിങ്ങനെയുമായി തച്ചുതകര്‍ത്ത് തുടങ്ങി. എന്നാല്‍ റിങ്കു ജയിക്കാന്‍ 2 പന്തിൽ 3 റൺസ് വേണമെന്നിരിക്കേ അഞ്ചാം പന്തില്‍ ലെവിസിന്‍റെ പറക്കും ഒറ്റകൈയന്‍ ക്യാച്ചില്‍ പുറത്തായി. അവസാന പന്തില്‍ ഉമേഷ് യാദവിനെ ബൗള്‍ഡാക്കി മാര്‍ക്കസ് സ്റ്റോയിനിസ് ലഖ്‌നൗവിന്‍റെ ജയമുറപ്പിക്കുകയും ചെയ്‌തു.
മത്സരത്തിന് ശേഷം ലെവിസിന്‍റെ വണ്ടര്‍ ക്യാച്ചിനെ വാഴ്‌ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നാകെ. ഈ ക്യാച്ചില്ലായിരുന്നെങ്കില്‍ റിങ്കു മത്സരം കൊല്‍ക്കത്തയ്‌ക്കായി ഫിനിഷ് ചെയ്‌തേനേ എന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.
അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതിവീഴുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് റണ്‍സിനാണ് കെകെആറിന്‍റെ പരാജയം. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനേയായുള്ളൂ. അവസാന ഓവറുകളില്‍ റിങ്കു സിംഗും(15 പന്തില്‍ 40) സുനില്‍ നരെയ്‌നും(7 പന്തില്‍ 21*) നടത്തിയ വെടിക്കെട്ട് പാഴായി. നേരത്തെ ക്വിന്‍റണ്‍ ഡികോക്കിന്‍റെ(70 പന്തില്‍ 140) ഇടിവെട്ട് സെഞ്ചുറിയാണ് ലഖ്‌നൗവിനെ 20 ഓവറില്‍ 210-0 എന്ന സ്‌കോറിലെത്തിച്ചത്.
ഇത് ഡികോക്കിനുള്ള സമ്മാനം; കൊല്‍ക്കത്തയെ അവസാന പന്തില്‍ തൂത്തെറിഞ്ഞ് ലഖ്‌നൗ പ്ലേ ഓഫില്‍