കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടും...തോല്‍വിയില്‍ കരച്ചിലടക്കാനാവാതെ റിങ്കു സിംഗ്; ആശ്വസിപ്പിച്ച് ആരാധകര്‍

അവിശ്വസനീയ ജയത്തിന് അരികിലെത്തിച്ച ശേഷം വണ്ടര്‍ ക്യാച്ചില്‍ മടങ്ങുകയായിരുന്നു റിങ്കു സിംഗ്

IPL 2022 KKR star Rinku Singh tears up after failing to take Kolkata Knight Riders for win over LSG

മുംബൈ: വിജയത്തിലെത്തിയിരുന്നുവെങ്കില്‍ ഐപിഎല്‍(IPL) ചരിത്രത്തിലെ ഏറ്റവും മഹത്തായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി അത് മാറിയേനേ. ഐപിഎല്ലില്‍(IPL 2022) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ(Lucknow Super Giants) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ(Kolkata Knight Riders) അവിശ്വസനീയ ജയത്തിന് അരികിലെത്തിച്ച ശേഷം വണ്ടര്‍ ക്യാച്ചില്‍ മടങ്ങുകയായിരുന്നു റിങ്കു സിംഗ്(Rinku Singh).

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 211 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും അഭിജീത് തോമറും ഡ്രസിംഗ് റൂമില്‍ മടങ്ങിയെത്തി. പിന്നാലെ നിതീഷ് റാണ(42), ശ്രേയസ് അയ്യര്‍(50) എന്നിവരുടെ രക്ഷാപ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത സ്‌കോര്‍ 13.4 ഓവറില്‍ 131. പിന്നാലെ സാം ബില്ലിംഗ്‌സ് 36ല്‍ വീണു. 

ജസ്റ്റ് മിസ്സ്...

16-ാം ഓവറിലെ നാലാം പന്തില്‍ സാം ബില്ലിംഗ്‌സ് പുറത്തായ ശേഷമാണ് റിങ്കു സിംഗ് ക്രീസിലെത്തിയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 142-5 എന്ന നിലയിലായിരുന്നു ഈ സമയം. കൂടെ ക്രീസിലുണ്ടായിരുന്ന വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസല്‍ ബാറ്റില്‍ പന്ത് കൊള്ളിക്കാന്‍ പാടുപെട്ടതോടെ റിങ്കു സമ്മര്‍ദത്തിലാവും എന്ന് കരുതി. അവസാന നാല് ഓവറില്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത് 67 റണ്‍സും. എന്നാല്‍ റസല്‍ പുറത്തായ ശേഷം ഒന്നിച്ച സുനില്‍ നരെയ്‌നൊപ്പം 18-ാം ഓവറില്‍ ആവേഷ് ഖാനെയും 19-ാം ഓവറില്‍ ജേസന്‍ ഹോള്‍ഡറേയും തല്ലിച്ചതച്ച റിങ്കു സിംഗ് അവസാന ഓവറിലെ വിജയലക്ഷ്യം 21 ആയി കുറിച്ചു.

അവസാന 6 പന്തില്‍ ജയിക്കാന്‍ വേണ്ട 21 റണ്‍സിലേക്ക് റിങ്കു സിംഗ് 4, 6, 6, 2 എന്നിങ്ങനെയുമായി മാര്‍ക്കസ് സ്റ്റോയിനിസിനെ തച്ചുതകര്‍ത്ത് തുടങ്ങി. എന്നാല്‍ ജയിക്കാന്‍ 2 പന്തിൽ 3 റൺസ് വേണമെന്നിരിക്കേ അഞ്ചാം പന്തില്‍ ലെവിസിന്‍റെ പറക്കും ഒറ്റകൈയന്‍ ക്യാച്ചില്‍ റിങ്കു സിംഗ് അവിശ്വസനീയമാം വിധം പുറത്തായി. അവസാന പന്തില്‍ ഉമേഷ് യാദവിനെ ബൗള്‍ഡാക്കി മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് റണ്‍സിന് ലഖ്‌നൗവിന്‍റെ ജയമുറപ്പിക്കുകയും ചെയ്‌തു. റിങ്കു സിംഗ് 15 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സറും സഹിതം 40 ഉം സുനില്‍ നരെയ്‌നും 7 പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പടെ പുറത്താകാതെ 21* ഉം റണ്‍സെടുത്തു. 

വീരോചിത പോരാട്ടം ജയത്തിന് തൊട്ടരികില്‍ അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ റിങ്കു സിംഗിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഈ കാഴ്‌ച കണ്ടുനില്‍ക്കാന്‍ ആരാധകര്‍ക്കായില്ല. റിങ്കുവിന്‍റെ ഇന്നിംഗ്‌സിനെ വാരിപ്പുകഴ്‌ത്തി മുന്‍താരങ്ങളുള്‍പ്പടെ രംഗത്തെത്തി. മത്സര ശേഷം സമ്മാനവേളയിലും റിങ്കുവിന് കണ്ണീരടക്കാനായില്ല. 

പൊരുതിത്തോറ്റാല്‍ പോട്ടേന്ന് വെക്കും, ചേര്‍ത്തുനിര്‍ത്തും; റിങ്കു സിംഗിനെ വാരിപ്പുണര്‍ന്ന് ആരാധകര്‍

Latest Videos
Follow Us:
Download App:
  • android
  • ios