IPL 2022 : 'എല്ലാവര്‍ക്കും നന്ദി, ഗുജറാത്ത് ടൈറ്റന്‍സിന് അഭിനന്ദനം'; ഹൃദ്യമായ കുറിപ്പുമായി ജോസ് ബട്‌ലര്‍
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സെഞ്ചുറിമഴയുമായി ജോസ് ബട്‌ലര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു
ലണ്ടന്‍: ഐപിഎല്‍ 2022(IPL 2022) രാജസ്ഥാന്‍ റോയല്‍സിന്‍റെ(Rajasthan Royals) ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്‌ലറെ(Jos Buttler) സംബന്ധിച്ച് സ്വപ്‌ന സീസണായിരുന്നു. 17 ഇന്നിംഗ്‌സില്‍ നാല് സെഞ്ചുറികളോടെ 57.53 ശരാശരിയിലും 149.05 സ്ട്രൈക്ക് റൈറ്റിലും 863 റണ്‍സാണ് ജോസ് ബട്‌ലര്‍ നേടിയത്. ഓറഞ്ച് ക്യാപ് തലയില്‍ ചൂടിയ ബട്‌ലര്‍ സീസണിന് ശേഷം മനസുതുറന്നിരിക്കുകയാണ്. ഫൈനലില്‍ രാജസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിനെ പ്രശംസിക്കാന്‍ ബട്‌ലര്‍ മറന്നില്ല.
'പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിലെ എല്ലാ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ആരാധകര്‍ക്കും നന്ദിയറിയിക്കുകയാണ്. മറക്കാനാവാത്ത ഐപിഎല്‍ സീസണായിരുന്നു ഇത്. വ്യക്തിപരമായ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു. ഒരുപടി കൂടി മുന്നോട്ടുപോകാന്‍ അടുത്ത സീസണിലാകും എന്ന് പ്രതീക്ഷിക്കുന്നു. സഹായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു. കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിനെ അഭിനന്ദിക്കുന്നതായും' ബട്‌ലര്‍ ട്വിറ്ററില്‍ എഴുതി.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ സെഞ്ചുറിമഴയുമായി ജോസ് ബട്‌ലര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന താരത്തിനുള്ള അവാര്‍ഡ് ബട്‌ലര്‍ക്കായിരുന്നു. 83 ഫോറുകാണ് താരം നേടിയത്. ഏറ്റവും കൂടുതല്‍ സിക്‌സും ബട്‌ലറുടെ പേരിലാണ്. സീസണിലെ പവര്‍പ്ലയറും ബട്‌ലര്‍ തന്നെ. ഏറ്റവും കൂടുതല്‍ ഫാന്റസി പോയിന്റുകള്‍ നേടിയ രാജസ്ഥാന്‍ താരം ടൂര്‍ണമെന്റിലെ ഗെയിം ചെയ്ഞ്ചറായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം തന്നെയാണ് ടൂര്‍ണമെന്റിലെ മൂല്യമേറിയ താരവും. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഓവര്‍സീസ് താരവും ബട്‌ലറാണ്. 2016ല്‍ 848 റണ്‍സ് നേടിയിരുന്ന അന്നത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്.
IPL 2022 : സഞ്ജു സാംസണ്‍ പുറത്ത്; ഏറ്റവും മികച്ച ഐപിഎല്‍ ഇലവനുമായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ