IPL 2022 : മലയാളി പൊളിയാടാ... വീണ്ടും സഞ്ജു സാംസണെ വാഴ്‌ത്തിപ്പാടി ഇര്‍ഫാന്‍ പത്താന്‍
ഐപിഎല്ലിനിടെ സഞ്ജുവിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തുന്നത് ഇതാദ്യമല്ല
കൊല്‍ക്കത്ത: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(Gujarat Titans vs Rajasthan Royals) തീപ്പൊരി ബാറ്റിംഗ് കാഴ്‌ചവെച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്(Sanju Samson) പ്രത്യേക പ്രശംസയുമായി മുന്‍താരം ഇര്‍ഫാന്‍ പത്താന്‍(Irfan Pathan). സഞ്ജു ഗംഭീര പ്രകടനം കാഴ്‌ചവെച്ചു എന്നാണ് പത്താന്‍റെ വാക്കുകള്‍. ഗുജറാത്തിനെതിരെ മൂന്നാമനായി ക്രീസിലെത്തി 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും സഹിതം സഞ്ജു 47 റണ്‍സെടുത്തിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയിലെത്തിച്ചാണ് സഞ്ജു തുടങ്ങിയത്.
ഐപിഎല്ലിനിടെ സഞ്ജുവിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഐപിഎല്ലിലെ ഏറ്റവും മികച്ച യുവനായകന്‍മാരിലൊരാളാണ് സഞ്ജുവെന്ന് നേരത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സര ശേഷം പത്താന്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച യുവനായകന്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. ആദ്യം ബാറ്റ് ചെയ്ത് നേടിയ സ്കോര്‍ പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്റ്റന് നിര്‍ണായക റോളുള്ളത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതും അതാണ് എന്നാണ് ഇര്‍ഫാന്‍ പത്താന്‍ അന്ന് ട്വിറ്ററില്‍ കുറിച്ചത്.
സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും രാജസ്ഥാനെ തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫൈനലിലെത്താന്‍ രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.