IPL 2022 : 'സഞ്ജുവിന്‍റെയും ഗില്ലിന്‍റേയും ബാറ്റിംഗ് കവിത കണ്ടാല്‍ ആ ദിനം ധന്യം'; ഇതിലും വലിയ പ്രശംസയില്ല!
രാജസ്ഥാന്‍ റോയല്‍സ് നായകന് മാത്രമല്ല ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും ഹര്‍ഷ ഭോഗ്‌ലെയുടെ പ്രശംസയുണ്ട്
കൊല്‍ക്കത്ത: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്‍റെ(Sanju Samson) കടുത്ത ആരാധകനാണ് വിഖ്യാത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ(Harsha Bhogle). സഞ്ജുവിന്‍റെ ബാറ്റിംഗ് സൗന്ദര്യത്തെ പ്രശംസിച്ച് ഭോഗ്‌ലെ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ്(Gujarat Titans vs Rajasthan Royals Qualifier 1) മത്സരത്തിനിടെയും സഞ്ജുവിനെ ഹര്‍ഷ ഭോഗ്‌ലെ പ്രശംസിച്ചു. രാജസ്ഥാന്‍ റോയല്‍സ് നായകന് മാത്രമല്ല ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനും(Shubman Gill) ഹര്‍ഷ ഭോഗ്‌ലെയുടെ പ്രശംസയുണ്ട്.
ഒരു മത്സരത്തില്‍ സഞ്ജു സാംസണും ശുഭ്‌മാന്‍ ഗില്ലും ഒഴുക്കോടെ ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ ആ ദിവസം ധന്യമായി എന്നാണ് ഭോഗ്‌ലെയുടെ ട്വീറ്റ്. മൂന്നാമനായി ക്രീസിലെത്തി 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും സഹിതം സഞ്ജു 47 റണ്‍സെടുത്തിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയിലെത്തിച്ചാണ് സഞ്ജു തുടങ്ങിയത്. അതേസമയം ഗില്‍ 21 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത് റണ്ണൗട്ടായി.
നേരത്തെ സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതില്‍ വിമര്‍ശനവുമായി ഹര്‍ഷ ഭോഗ്‌ലെ രംഗത്തെത്തിയിരുന്നു. 'കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ ടീമിലുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സഞ്ജു സാംസണും രാഹുല്‍ ത്രിപാഠിയും പകരമെത്തുമെന്ന് വിചാരിച്ചു. ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടില്‍ സഞ്ജു വേണമെന്നാണ് എന്‍റെ അഭിപ്രായം'- ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചിട്ടു.
ഈഡനില്‍ സഞ്ജുവിന്‍റെ ആറാട്ട്
സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും രാജസ്ഥാനെ തോല്‍പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് മറികടന്നാണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന് ജോസ് ബട്‌ലര്‍ (56 പന്തില്‍ 89), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ 47) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, സായ് കിഷോര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫൈനലിലെത്താന്‍ രാജസ്ഥാന് ഇനിയും ഒരവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ജയിക്കുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് നേരിടാം. അതില്‍ ജയിക്കുന്ന ടീം ഫൈനലിലെത്തും.
IPL 2022 : മലയാളി പൊളിയാടാ... വീണ്ടും സഞ്ജു സാംസണെ വാഴ്‌ത്തിപ്പാടി ഇര്‍ഫാന്‍ പത്താന്‍