തെവാട്ടിയ-മില്ലര്‍ തകര്‍ത്താടി, ത്രസിപ്പിക്കുന്ന ജയവുമായി ഗുജറാത്ത്; ആര്‍സിബിക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (31)- വൃദ്ധിമാന്‍ സാഹ (29) സഖ്യം 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാഹയെ മടക്കിയയച്ച് വാനിന്ദു ഹസരങ്ക ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കി.

ipl 2022 gujarat titans won over royal challenger bangalore by six wickets

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഒരിക്കല്‍കൂടി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് മില്ലര്‍ (29 പന്തില്‍ 34), രാഹുല്‍ തെവാട്ടിയ (25 പന്തില്‍ 43) എന്നിവരാണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. ഇരുവരും പുറത്താവാതെ നിന്നു. നേരത്തെ, നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്‌വാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്. വിരാട് കോലി (58), രജത് പടിദാര്‍ (52), ഗ്ലെന്‍ മാക്‌സ്‌വെല്‍ (33) എന്നിവര്‍ ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങി. 

171 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (31)- വൃദ്ധിമാന്‍ സാഹ (29) സഖ്യം 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാഹയെ മടക്കിയയച്ച് വാനിന്ദു ഹസരങ്ക ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ഗില്ലും മടങ്ങി.  ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ വിക്കറ്റില്‍ കുടുങ്ങുകയായരുന്നു ഗില്‍. പിന്നീടെത്തിയ സായ് സുദര്‍ശനന്‍ (20), ഹാര്‍ദിക് പാണ്ഡ്യ (3) എന്നിവരു പവലിയനില്‍ തിരിച്ചെത്തി. ഹസരങ്കയും ഷഹബാസും ഒരിക്കല്‍കൂടി വിക്കറ്റ് പങ്കിട്ടു.  

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മില്ലര്‍- തെവാട്ടിയ സഖ്യമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അവസാന രണ്ട് ഓവറില്‍ 19 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19-ാം ഓവറില്‍ 12 റണ്‍സ് പിറന്നു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സ് ജയിക്കാന്‍ വേണമായിരുന്നു. ആദ്യ പന്ത് വൈഡ്. രണ്ടാം പന്ത് ഫോര്‍. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് ബൗണ്ടറി കടത്തി തെവാട്ടിയ വിജയം പൂര്‍ത്തിയാക്കി. ജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്റുമായി ഗുജറാത്ത് ഒന്നാമത് തുടരുന്നു. 10 മത്സരങ്ങളില്‍ അഞ്ച് വീതം തോല്‍വിയും ജയവുമുള്ള ബാംഗ്ലൂര്‍ പത്ത് പോയിന്റുമായി അഞ്ചാമതാണ്.

നേരത്തെ, മോശം തുടക്കമാണ് ബാംഗ്ലൂരിന് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (0) മടങ്ങി. സാംഗ്‌വാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ കോലി- പടിദാര്‍ നേടിയ 99 റണ്‍സാണ്് ബാംഗ്ലൂരിന് തുണയായത്. ഇതിനിടെ കോലിക്ക് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതിരുന്നതും വിനയായി. 53 പന്തില്‍ ആറ് സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. 

അര്‍ധ സെഞ്ചുറി തികച്ച ഉടനെ പടിദാര്‍ മടങ്ങി. സാംഗ്‌വാനായിരുന്നു വിക്കറ്റ്. വൈകാതെ കോലി, മുഹമ്മദ് ഷമിയുടെ പന്തില്‍ ബൗള്‍ഡായി. എന്നാല്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 33 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. ലോക്കി ഫെര്‍ഗൂസണ് വിക്കറ്റ് നല്‍കി താരം മടങ്ങി. ദിനേശ് കാര്‍ത്തിക് (2), മഹിപാല്‍ ലോംറോര്‍ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹ്ബാസ് അഹമ്മദ് (2) പുറത്താവാതെ നിന്നു.

ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങിയിയിരുന്നത്. മഹിപാല്‍ ലോംറോര്‍ ടീമിലെത്തി. സുയഷ് പ്രഭുദേശായ് പുറത്തായി. ഗുജറാത്ത് രണ്ട് മാറ്റം വരുത്തി. യഷ് ദയാലിന് പകരം പ്രദീപ് സാംഗ്‌വാന്‍ ടീമിലെത്തി. അഭിനവ് മനോഹറും പുറത്തായി. സായ് സുദര്‍ശനാണ് പകരക്കാരന്‍. 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, പ്രദീപ് സാംഗ്‌വാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.
 

Latest Videos
Follow Us:
Download App:
  • android
  • ios