IPL 2022: തോല്‍വിക്ക് പിന്നാലെ കട്ട കലിപ്പില്‍ രാഹുലിനു നേരെ കണ്ണുരുട്ടി ഗംഭീര്‍
വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ ആദ്യപന്ത് മുതല്‍ ആക്രമിച്ചു കളിക്കേണ്ടിയിരുന്ന രാഹുല്‍ പടിദാറിനെക്കാള്‍ നാലു പന്ത് കൂടുതല്‍ കളിച്ചിട്ടും 79 റണ്‍സെ എടുത്തുള്ളു എന്നതാണ് വിമര്‍ശനത്തിന് കാരണമായത്. കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലും 600ലേറെ റണ്‍സടിച്ച രാഹുലിന് പക്ഷെ ഒരിക്കല്‍ പോലും സ്വന്തം ടീമിനെ ഫൈനലില്‍ പോലും എത്തിക്കാനായില്ല.
മുംബൈ: ഐപിഎല്‍(IPL 2022) എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(LSG v RCB) തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനുനേരെ(KL Rahul) കണ്ണുരുട്ടി ടീം മെന്‍ററായ ഗൗതം ഗംഭീര്‍(Gautam Gambhir). മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 208 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പൊരുതിയിട്ടും ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെ നേടാനായുള്ളു.
58 പന്തില്‍ 79 റണ്‍സെടുത്ത രാഹുല്‍ ലഖ്നൗവിന്‍റെ ടോപ് സ്കോററായെങ്കിലും ടീമിന്‍റെ ജയം ഉറപ്പിക്കാനാവാതെ പത്തൊമ്പതാം ഓവറില്‍ ഹേസല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ബാംഗ്ലൂരിനായി രജത് പടിദാര്‍ 54 പന്തില്‍ 112 റണ്‍സടിച്ചപ്പോള്‍ രാഹുല്‍ 58 പന്തില്‍ 79 റണ്‍സടിച്ചത് ആരാധകര്‍ ചര്‍ച്ചയാക്കുന്നതിനിടെ മറ്റൊരു ചിത്രം കൂടി സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മത്സരശേഷം സമ്മാനദാന ചടങ്ങിന് നില്‍ക്കുമ്പോള്‍ കെ എല്‍ രാഹുലിന് നേരെ തുറിച്ചുനോക്കി എന്തോ പറയുന്ന ഗൗതം ഗംഭീറിന്‍റെയും തലചൊറിഞ്ഞ് നില്‍ക്കുന്ന രാഹുലിന്‍റയും ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.
ഉമ്രാന്‍ മാലിക്കിനെ ഏറ്റെടുത്ത് ജമ്മു കശ്മീര്‍ സര്‍ക്കാര്‍; ജോലിക്കാര്യത്തിലും ഉറപ്പ്
വലിയ സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ ആദ്യപന്ത് മുതല്‍ ആക്രമിച്ചു കളിക്കേണ്ടിയിരുന്ന രാഹുല്‍ പടിദാറിനെക്കാള്‍ നാലു പന്ത് കൂടുതല്‍ കളിച്ചിട്ടും 79 റണ്‍സെ എടുത്തുള്ളു എന്നതാണ് വിമര്‍ശനത്തിന് കാരണമായത്. കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലും 600ലേറെ റണ്‍സടിച്ച രാഹുലിന് പക്ഷെ ഒരിക്കല്‍ പോലും സ്വന്തം ടീമിനെ ഫൈനലില്‍ പോലും എത്തിക്കാനായില്ല. മത്സരത്തില്‍ 136.21 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്ത രാഹുലിന്‍റെ സമീപനത്തിനെതിരെ പല മുന്‍താരങ്ങളും രംഗത്തുവന്നിരുന്നു. സീസണില്‍ 15 മത്സരങ്ങളില്‍ 51.33 ശരാശരിയില്‍ 616 റണ്‍സാണ് രാഹുല്‍ നേടിയത്.
മത്സരത്തില്‍ ബാംഗ്ലൂര്‍ ബാറ്റിംഗിനിടെ ദിനേശ് കാര്‍ത്തിക് നല്‍കിയ ക്യാച്ച് രാഹുല്‍ നിലത്തിട്ടപ്പോളും ഡഗ് ഔട്ടിലിരുന്ന പൊട്ടിത്തെറിക്കുന്ന ഗംഭീറിനെ കാണാമായിരുന്നു. ഈ സമയം ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്തിരുന്ന കാര്‍ത്തിക് 23 പന്തില്‍ 37 റണ്‍സുമായി പുറത്താകാതെ നിന്ന് ബാംഗ്സൂരിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
'ഇങ്ങനെയൊരു ഇന്നിംഗ്‌സ് ഞാന്‍ മുമ്പ് കണ്ടിട്ടില്ല'; പടിദാറിനെ പുകഴ്ത്തി വിരാട് കോലി
ഇത്തവണ ഫൈനലില്‍ എത്താതെ പുറത്തായെങ്കിലും അടുത്തതവണ ശക്തമായി തിരിച്ചുവരുമെന്ന് മത്സരശേഷം ഗംഭീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പുതിയ ടീമായ ലഖ്നൗവിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫിലെത്താനായത് മഹത്തായ നേട്ടമാണെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.