IPL 2022 : 'അവന്‍ ഇനിയും മെച്ചപ്പെടാനുണ്ട്, മലയാളി താരങ്ങളെ ഉള്‍പ്പെടുത്തൂ'; സഞ്ജുവിന് ശ്രീശാന്തിന്റെ ഉപദേശം

ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വലിയ പങ്കുവഹിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് അത്ര തൃപ്തനല്ല. സഞ്ജുവിന്റെ മികവിലല്ല രാജസ്ഥാന്‍ ഫൈനലിലെത്തിയത് എന്നാണ് ശ്രീശാന്ത് പറയുന്നത്.

IPL 2022 Former Indian pacer S Sreesanth on Sanju Samson and more

തിരുവനന്തപുരം: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ (Sanju Samson) ക്യാപ്റ്റന്‍സി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവരെല്ലാം സഞ്ജുവിന്റെ നേതൃപാടവത്തെ വാഴ്ത്തി. രാജസ്ഥാനെ നയിക്കുന്ന രണ്ടാം സീസണില്‍ തന്നെ ടീമനെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണ്. കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്.

ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വലിയ പങ്കുവഹിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത് അത്ര തൃപ്തനല്ല. സഞ്ജുവിന്റെ മികവിലല്ല രാജസ്ഥാന്‍ ഫൈനലിലെത്തിയത് എന്നാണ് ശ്രീശാന്ത് പറയുന്നത്. ശ്രീയുടെ വാക്കുകള്‍. ''സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഏറെ മെച്ചപ്പെടുത്താനുണ്ട്. സഞ്ജുവിന്റെ മികവിനേക്കാള്‍ ബട്‌ലറുടെ മികവുകൊണ്ട് രാജസ്ഥാന്‍ ഇതുവരെ എത്തിയത്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ് ഐപിഎല്‍. അവിടെ ഒരു ടീമിന്റെ ക്യാപ്റ്റനായി മലയാളി കാണുകയെന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്. സഞ്ജുവിന് ചെറിയ പ്രായമാണ്. ഇനിയും മുന്നോട്ട് പോവാനുണ്ട്. അദ്ദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. 

ഐപിഎല്ലില്‍ അദ്ദേഹത്തിന് ബാറ്റുകൊണ്ട് അത്ര മികച്ച സീസണായിരന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ കേരളത്തിന് വേണ്ടി ആഭ്യന്തര ലീഗിലും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ദേശീയ ടീമില്‍ തിരിച്ചെത്താന്‍ കഴിയും. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിവരെല്ലാം കഴിവുള്ള മലയാളി താരങ്ങളാണ്. അവര്‍ക്കൊക്കെ അവസരം നല്‍കിയാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിര ശക്തിപ്പെടുത്താന്‍ സാധിക്കും.'' ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസിന് പറഞ്ഞു. 

അതേസമയം, രാജസ്ഥാന്റേത് സ്‌പെഷ്യല്‍ സീസണായിരുന്നുവെന്നാണ് സഞ്ജു പറഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മത്സരശേഷം പറഞ്ഞതിങ്ങനെ... ''ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യല്‍ സീസണായിരുന്നു ഇത്. കഴിഞ്ഞ രണ്ട്- മൂന്ന് സീസണുകളില്‍ ആരാധകര്‍ക്ക് നിരാശ മാത്രമാണ് ഞങ്ങള്‍ സമ്മാനിച്ചത്. ഇത്തവണ അവര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി. എന്റെ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. യുവാക്കളും സീനിയര്‍ താരങ്ങളും ഒരുപോലെ കളിക്കുന്ന സംഘമാണ് ഞങ്ങളുടേത്. എന്നാല്‍ ഫൈനല്‍ ദിവസം തിളങ്ങാനായില്ല.'' സഞ്ജു വ്യക്തമാക്കി.

ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സിക്‌സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്റെ വിജയറണ്‍ നേടിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios