IPL 2022 : ഐപിഎല്‍ ഫൈനല്‍ ഇന്ന്; കിരീടത്തിനായി രാജസ്ഥാന്‍ റോയല്‍സ്, ചരിത്രം കുറിക്കാന്‍ സഞ്ജു

ഒറ്റ ലക്ഷ്യത്തിലേക്ക് സഞ്ജു സാംസണിന്‍റെ റോയൽസും ഹാർദിക് പാണ്ഡ്യയുടെ ടൈറ്റൻസും ഇന്ന് മുഖാമുഖം വരികയാണ്

IPL 2022 Final GT vs RR Gujarat Titans vs Rajasthan Royals Preview

അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിലെ(IPL 2022 Final) ചാമ്പ്യൻമാരെ ഇന്നറിയാം. സഞ്ജു സാംസണിന്‍റെ(Sanju Samson) രാജസ്ഥാൻ റോയൽസ്(Rajasthan Royals) ഫൈനലിൽ ഹാര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) ഗുജറാത്ത് ടൈറ്റൻസിനെ(Gujarat Titans) നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍( Narendra Modi Stadium) രാത്രി എട്ടിനാണ് കളി(GT vs RR) തുടങ്ങുക. ഒരു മലയാളി നായകന്‍ ഐപിഎല്‍ ചരിത്രത്തിലാദ്യമായി കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഒറ്റ ജയമകലെ കാത്തിരിക്കുന്നത് ഐപിഎൽ കിരീടം. യുവനായകൻമാർക്ക് കീഴിൽ ചരിത്രം കുറിക്കാനിറങ്ങുമ്പോൾ ബാറ്റിംഗിലും ബൗളിംഗിലും തുല്യശക്തികളാണ് ഇരു ടീമുകളും. സീസണിൽ നാല് സെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ മിന്നൽ തുടക്കവും ഷിമ്രോൺ ഹെയ്റ്റ്മെയറുടെ വെടിക്കെട്ടും രാജസ്ഥാന്‍റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്നു. ഇവർക്കിടയിൽ രാജസ്ഥാന്‍റെ നടുനിവർത്താൻ നായകൻ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലുമുണ്ട്. സ്‌പിൻ മാജിക്ക് കാട്ടാന്‍ ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചഹലും കളത്തിലെത്തും. ട്രെന്‍ഡ് ബോൾട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയിയുമുള്ള പേസ് ബാറ്ററിയും പവർഫുൾ. 

വൃദ്ധിമാന്‍ സാഹയും മാത്യൂ വെയ്‌ഡും ടൈറ്റൻസിന്റെ ചാവേറുകളാവും. നട്ടെല്ലായി ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. കില്ലർ മില്ലർ ക്രീസിലുറച്ചാൽ പന്ത് ഗാലറിയിലേക്ക് പറക്കും. റാഷിദ് ഖാന്‍റെ സ്‌പിന്നിലും മുഹമ്മദ് ഷമിയുടെ പേസിലും ടൈറ്റൻസിന് പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറികളിലും ടൈറ്റൻസിന്‍റെ ബൗളിംഗ് മികവിനെ ബാറ്റർമാർ എങ്ങനെ അതിജിവിക്കും എന്നതായിരിക്കും രാജസ്ഥാന് നിർണായകമാവുക. സീസണിൽ നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു.

രണ്ടാം ക്വാളിഫയറില്‍ ജോസ് ബട്‌ലറുടെ മിന്നും സെഞ്ചുറിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലേക്ക് പ്രവേശിച്ചത്. ആര്‍സിബിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് രാജസ്ഥാന്‍ ഫൈനലിലെത്തിയപ്പോള്‍ ബട്‌ലര്‍ 60 പന്തില്‍ 10 ഫോറും 6 സിക്‌സുമടക്കം 106* റണ്ണോടെ പുറത്താകാതെ നിന്നു. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ബൗളിംഗില്‍ പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയിയും മൂന്ന് വിക്കറ്റ് വീതവുമായും തിളങ്ങി. ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തിലിറങ്ങിയ 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനല്‍ കളിക്കുന്നത്. 

IPL 2022 : കെ എല്‍ രാഹുലിന്‍റെ അടവെല്ലാം പാളി; ഓറഞ്ച് ക്യാപ് ജോസ് ബട്‍ലറുടെ തലയില്‍ ഭദ്രം

Latest Videos
Follow Us:
Download App:
  • android
  • ios