IPL 2022 : അറുബോറനോ റിയാന്‍ പരാഗ്? തേഡ് അംപയറെ കളിയാക്കിയെന്ന് രൂക്ഷ വിമര്‍ശനം, ആഞ്ഞടിച്ച് ആരാധകര്‍
ലോംഗ് ഓണില്‍ മാര്‍ക്കസ് സ്റ്റേയിനിടെ പിടികൂടാന്‍ പരാഗ് എടുത്ത പറക്കും ക്യാച്ച് മൂന്നാം അംപയര്‍ നിഷേധിച്ചിരുന്നു
മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) താരം റിയാന്‍ പരാഗ്(Riyan Parag) തേഡ് അംപയറെ കളിയാക്കിയെന്നാരോപിച്ച് ആരാധക രോക്ഷം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(Lucknow Super Giants) താരം മാര്‍ക്കസ് സ്റ്റോയിനിസിനെ(Marcus Stoinis) പുറത്താക്കാന്‍ താനെടുത്ത ക്യാച്ച് മൂന്നാം അംപയര്‍ നിഷേധിച്ചതിന് പിന്നാലെ അതേ താരത്തെ പുറത്താക്കിയുള്ള ക്യാച്ചിന് ശേഷം പരാഗ് നടത്തിയ ആഘോഷമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. പരാഗിനെ വിമര്‍ശിച്ച് കമന്‍റേറ്റര്‍മാരും രംഗത്തെത്തി.
ലോംഗ് ഓണില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ പിടികൂടാന്‍ പരാഗ് എടുത്ത പറക്കും ക്യാച്ച് മൂന്നാം അംപയര്‍ നിഷേധിച്ചിരുന്നു. പരാഗ് കൈപ്പിടിയിലൊതുക്കും മുമ്പ് പന്ത് നിലത്ത് തട്ടിയിരുന്നു എന്നാണ് കണ്ടെത്തിയത്. പിന്നാലെ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ സ്റ്റോയിനിനെ പിടികൂടാന്‍ വീണ്ടും പരാഗിന് അവസരം ലഭിച്ചു. എന്നാല്‍ ക്യാച്ചെടുത്തതിന് പിന്നാലെ പന്ത് നിലത്ത് മുട്ടിക്കുന്നതുപോലെ കാട്ടി മുന്‍ തീരുമാനത്തിന് മൂന്നാം അംപയറെ കളിയാക്കുകയായിരുന്നു പരാഗ് എന്നാണ് വിമര്‍ശനം.
ഇരുപത് വയസുകാരനായ താരത്തിന്‍റെ ആഘോഷം മോശമായിപ്പോയി എന്ന വിലയിരുത്തലാണ് കമന്‍റേറ്റര്‍മാരായ മാത്യൂ ഹെയ്‌ഡനും ഇയാന്‍ ബിഷപ്പും നടത്തിയത്. പരാഗിനെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തുകയും ചെയ്‌തു. പരാഗ് പക്വത കൈവരിച്ചിട്ടില്ല എന്നാണ് ആരാധകരെല്ലാം പറയുന്നത്.
ഐപിഎല്ലിൽ എട്ടാം ജയത്തോടെ പ്ലേ ഓഫിലേക്ക് അടുത്തു രാജസ്ഥാൻ റോയൽസ്. പതിമൂന്നാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് രാജസ്ഥാന്‍ തോൽപിക്കുകയായിരുന്നു. രാജസ്ഥാന്റെ 178 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് 154 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ട്രെന്‍ഡ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയും രണ്ട് വീതവും യുസ്‌വേന്ദ്ര ചാഹലും ആര്‍ അശ്വിനും ഓരോ വിക്കറ്റും നേടി. നേരത്തെ ബാറ്റിംഗില്‍ ജോസ് ബട്‍ലർ രണ്ടിൽ വീണെങ്കിലും സഞ്ജു സാംസണിന്‍റെ 32ഉം ദേവ്ദത്ത് പടിക്കലിന്‍റെ 39ഉം രാജസ്ഥാന് കരുത്തായി.