സെഞ്ചുറിയടിക്കാന്‍ സിംഗിള്‍ വേണോന്ന് പവല്‍, നീ അടിച്ച് പൊളിക്കടാന്ന് വാര്‍ണര്‍! കയ്യടിച്ച് ആരാധകര്‍
എട്ട് റണ്‍സ് കൂടി നേടിയാല്‍ വാര്‍ണര്‍ക്ക് 100 തികയ്‌ക്കാം. സ്‌ട്രൈക്ക് കിട്ടിയാല്‍ വാര്‍ണര്‍ സെഞ്ചുറിയടിക്കും എന്ന് ആരാധകര്‍ ഉറപ്പിച്ച നിമിഷം.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) വാര്‍ണര്‍ (David Warner) ഷോ കണ്‍കുളിര്‍ക്കെ കണ്ടതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. മുന്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിനായി (Delhi Capitals) ആടിത്തിമിര്‍ക്കുകയായിരുന്നു ആരാധകരുടെ വാറുണ്ണി. മുന്‍ ടീമിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ലോകോത്തരം എന്ന് വിശേഷിപ്പിക്കാവുന്ന ഫിഫ്റ്റി വാര്‍ണര്‍ സ്വന്തമാക്കി. വാര്‍ണറെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ടുമൂടുന്നതിനിടെ താരത്തിന്‍റെ നിസ്വാര്‍ത്ഥമായ ഒരു തീരുമാനത്തിനും വലിയ കയ്യടി ലഭിക്കുകയാണ്.
ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ 20-ാം ഓവര്‍ ആരംഭിക്കുമ്പോള്‍ സെഞ്ചുറിക്കരികെ ഡേവിഡ് വാര്‍ണറും വെടിക്കെട്ടുമായി റോവ്‌മാന്‍ പവലുമായിരുന്നു ക്രീസില്‍. എട്ട് റണ്‍സ് കൂടി നേടിയാല്‍ വാര്‍ണര്‍ക്ക് 100 തികയ്‌ക്കാം. സ്‌ട്രൈക്ക് കിട്ടിയാല്‍ വാര്‍ണര്‍ സെഞ്ചുറിയടിക്കും എന്ന് ആരാധകര്‍ ഉറപ്പിച്ച നിമിഷം. സെഞ്ചുറി നേടാന്‍ സിംഗിള്‍ വേണേ? ഓവറിലെ ആദ്യ പന്ത് നേരിടും മുമ്പ് വാര്‍ണറോട് പവല്‍ ചോദിച്ചു. എന്നാല്‍ വാര്‍ണറുടെ മറുപടി പവലിനെ അമ്പരപ്പിച്ചു. 'അങ്ങനെയല്ല ക്രിക്കറ്റ് കളിക്കുന്നത്. നിങ്ങള്‍ക്ക് പറ്റാവുന്നത്ര കൂറ്റനടികള്‍ക്ക് ശ്രമിക്കുക'- ഡല്‍ഹിയുടെ ഇന്നിംഗ്‌സിന് ശേഷം റോവ്‌മാന്‍ പവലാണ് വാര്‍ണറുടെ നിസ്വാര്‍ത്ഥമായ തീരുമാനം വെളിപ്പെടുത്തിയത്.
തുടക്കത്തിലെ തകര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ 122 റണ്‍സ് കൂട്ടുകെട്ടുമായി കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു ഡേവിഡ് വാര്‍ണറും റോവ്‌മാന്‍ പവലും. വാര്‍ണര്‍ 58 പന്തില്‍ 92* റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ പവല്‍ 35 പന്തില്‍ 67* റണ്‍സെടുത്തു. വാര്‍ണര്‍ 12 ഫോറും മൂന്ന് സിക്‌സറും പവല്‍ മൂന്ന് ഫോറും ആറ് സിക്‌സറും പറത്തി. ബ്രബോണ്‍ സ്റ്റേഡിയത്തിന്‍റെ നാലുപാടും ബൗളര്‍മാരെ തല്ലിച്ചതയ്‌ക്കുകയായിരുന്നു ഇരുവരും.
വാര്‍ണര്‍ ബാറ്റ് കൊണ്ട് ആളിക്കത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തി. ഡേവിഡ് വാര്‍ണറുടെയും റോവ്‌മാന്‍ പവലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്.
IPL 2022 : സണ്‍റൈസേഴ്‌സിനോട് പകവീട്ടി വാര്‍ണര്‍; പൊളിഞ്ഞത് ക്രിസ് ഗെയ്‌ലിന്‍റെ മിന്നും റെക്കോര്‍ഡ്