IPL 2022: വാര്‍ണറുടെ പ്രതികാരം, ഹൈദരാബാദിനെ ചാമ്പലാക്കി ഡല്‍ഹി
ജയത്തോടെ 10 കളികളില്‍ പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഡല്‍ഹി ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. 10 മത്സരങ്ങളില്‍ 10 പോയന്‍റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ്(Sunrisers Hyderabad vs Delhi Capitals). ഡേവിഡ് വാര്‍ണറുടെയും റൊവ്‌മാന്‍ പവലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ ഡല്‍ഹിയ ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 207-3, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 186-8.
ജയത്തോടെ 10 കളികളില്‍ പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഡല്‍ഹി ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. 10 മത്സരങ്ങളില്‍ 10 പോയന്‍റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.
തുടക്കത്തിലെ അടിതെറ്റി
ഡല്‍ഹിയുടെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തിലെ അടിതെറ്റി. ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മയെഖലീല്‍ അഹമ്മദും നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ ആന്‍റിച്ച് നോര്‍ക്യയും മടക്കുമ്പോള്‍ ഹാദരാബാദ് സ്കോര്‍ ബോര്‍ഡില്‍ 24 റണ്‍സെ ഉണ്ടായിരുന്നുള്ളു. പ്രതീക്ഷ നല്‍കി രാഹുല്‍ ത്രിപാഠി.െ(18 പന്തില്‍ 22) മിച്ചല്‍ മാര്‍ഷ് മടക്കിയതോടെ ഹൈദരാബാദിന്‍റെ വിജയപ്രതീക്ഷകള്‍ തുടക്കത്തിലെ അസ്തമിച്ചു.
മധ്യനിരയില്‍ ഏയ്ഡന്‍ മാര്‍ക്രവും നിക്കോളാസ് പുരാനും ചേര്‍ന്ന് പോരാട്ടം നയിച്ചെങ്കിലും മാര്‍ക്രത്തെ(25 പന്തില്‍ 42) ഖലീല്‍ വീഴ്ത്തിയതോടെ ഉത്തരവാദിത്തം പുരാന്‍റെ ചുമലിലായി. 34 പന്തില്‍ 62 റണ്‍സടിച്ച പുരാന്‍ പൊരുതി നോക്കിയെങ്കിലും ഡല്‍ഹിയുടെ റണ്‍മല അകലെയായിരുന്നു.
ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് നാലോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 44 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നീണ്ട നാളത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ വീണ്ടും പന്തെറിഞ്ഞ ആന്‍റിച്ച് നോര്‍ക്യ നാലോവറില്‍ 35 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. വാര്‍ണര്‍ 58 പന്തില്‍ റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ പവല്‍ 35 പന്തില്‍ 67 റണ്‍സെടുത്തു.