IPL 2022 : അപമാനത്തിന് പലിശ സഹിതം തിരിച്ചുകൊടുക്കണം; സണ്‍റൈസേഴ്‌സിനെതിരെ ശ്രദ്ധാകേന്ദ്രം വാര്‍ണര്‍
ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് വരുന്നതിൽ നിന്ന് വിലക്കിയതോടെ ഗ്യാലറിയിൽ ഇരിക്കേണ്ടിവന്നു കഴിഞ്ഞ സീസണില്‍ വാര്‍ണര്‍ക്ക്
പുനെ: ഐപിഎല്ലിൽ (IPL 2022) ഡൽഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും (Delhi Capitals vs Sunrisers Hyderabad) ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഡേവിഡ് വാര്‍ണര്‍ (David Warner). കഴിഞ്ഞ സീസണില്‍ അപമാനിച്ച് ഒഴിവാക്കിയ ഹൈദരാബാദിനെതിരെ ഡൽഹി ജേഴ്‌സിയിൽ വാര്‍ണറിന്‍റെ ആദ്യ മത്സരമാണിത്.
ഐപിഎല്ലില്‍ സൺറൈസേഴ്‌സിന് ഏക കിരീടം സമ്മാനിച്ച നായകന്‍. ഹൈദരാബാദ് ഫ്രാഞ്ചൈസി ചരിത്രത്തിലെ റൺവേട്ടയിൽ ഒന്നാമന്‍. ഹൈദരാബാദ് കുപ്പായത്തില്‍ വിശേഷണങ്ങളേറെയുണ്ട് ഡേവിഡ് വാര്‍ണറിന്. ഓറഞ്ച് ആര്‍മിക്കായി 95 കളിയിൽ 4014 റൺസടിച്ചുകൂട്ടിയ ഡേവിഡ് വാര്‍ണര്‍ ക്രീസിനുപുറത്തും സൺറൈസേഴ്സ് ആരാധകരുടെ ഇഷ്ടതാരമായി. 2014 മുതൽ തുടര്‍ച്ചയായി ആറ് സീസണുകളില്‍ 500ലധികം റൺസ് നേടിയ വാര്‍ണര്‍ക്ക് കഴിഞ്ഞ വര്‍ഷം കയ്പേറിയ അനുഭവമായി. 8 കളിയിൽ 195 റൺസ് മാത്രം നേടിയ ഓസ്ട്രേലിയന്‍ ഓപ്പണറെ ടീം മാനേജ്മെന്‍റ് കൈവിട്ടു. ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് വരുന്നതിൽ നിന്ന് വിലക്കിയതോടെ ഗ്യാലറിയിൽ ഇരിക്കേണ്ടിവന്നു വാര്‍ണര്‍ക്ക്.
ഐപിഎല്ലിലേറ്റ മുറിവിന് പിന്നാലെ പലര്‍ക്കുമുള്ള മറുപടിയെന്നോണം ഓസ്ട്രേലിയ കിരീടം നേടിയ ട്വന്‍റി 20 ലോകകപ്പിൽ ടൂര്‍ണമെന്‍റിലെ താരമായാണ് വാര്‍ണര്‍ തന്‍റെ പ്രതിഭ തെളിയിച്ചത്. താരലേലത്തിലൂടെ കൂടുമാറിയ വാര്‍ണര്‍ ആണ് ഇന്ന് ക്യാപിറ്റല്‍സിന്‍റെ കരുത്ത്. 156.21 സ്ട്രൈക്ക് റേറ്റിൽ 264 റൺസുമായി ടീം ടോപ്സ്കോറര്‍. ഹൈദരാബാദ് കൈവിട്ടതിന് ശേഷമുള്ള ആദ്യ പോരില്‍ ഓറഞ്ച് പടയ്‌ക്കെതിരെ റാഷിദ് ഖാന്‍ ഗുജറാത്തിന്‍റെ വിജയശിൽപ്പിയായി. ഇന്ന് വാര്‍ണര്‍ക്ക് ഹൈദരാബാദിനെതിരെ സമാനമായ പ്രതികാരത്തിനുള്ള ഊഴമാണ്.
IPL 2022 : ജയിച്ചേ പറ്റൂ; ഡൽഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് അങ്കത്തട്ടില്‍