IPL 2022 : ചെന്നൈയില്‍ തമ്മിലടി, ജഡേജയും ടീമും കട്ടക്കലിപ്പില്‍? മുന്‍നായകനെ അണ്‍ഫോളോ ചെയ്‌ത് സിഎസ്‌കെ
നേരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ജഡേജയെ മാറ്റുകയും പിന്നാലെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു
മുംബൈ: ഐപിഎല്ലില്‍(IPL 2022) മുന്‍ നായകന്‍ രവീന്ദ്ര ജഡേജയെ (Ravindra Jadej) ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings). ഇന്‍സ്റ്റയില്‍ ജഡേജയെ ചെന്നൈ (CSK) അണ്‍ഫോളോ ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണെന്നാണ് സൂചന.
നേരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ജഡേജയെ മാറ്റുകയും പിന്നാലെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ജഡേജയെ ഇലവനില്‍ നിന്ന് മാറ്റിയതെന്നാണ് ധോണി പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തതോടെ മാനേജ്‌മെന്റും ജഡേജയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റ ജഡേജ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് സിഎസ്‌കെ ഇന്നലെ വ്യക്തമാക്കിയിരുന്നു. പരിക്കുമൂലം മെഡിക്കല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജഡേജയെ ടീം വിട്ടുപോകാന്‍ അനുവദിക്കുകയാണ് എന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയത്.
സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ജഡേജയെ ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍ തോല്‍വികളിലേക്ക് വീണതോടെ ജഡേജയുടെ ക്യാപ്റ്റന്‍ സ്ഥാനം എം എസ് ധോണിക്ക് തിരികെ നൽകേണ്ടിവന്നു. സീസണില്‍ ബാറ്റിംഗിലും ബൗളിംഗിലും ജഡേജ തിളങ്ങിയിരുന്നില്ല. 10 കളിയില്‍ 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് സീസണില്‍ ജഡേജയുടെ നേട്ടം.
മൂന്നു മത്സരങ്ങളാണ് സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാക്കിയുള്ളത്. ഇന്ന് മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ കളിയില്‍ സിഎസ്‌കെയ്ക്കു വിജയം അനിവാര്യമാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ഫീല്‍ഡിംഗിനിടെ ജഡേജയ്ക്ക് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഗുരുതമാവാതിരിക്കാന്‍ വേണ്ടിയാണ് ജഡേജ പിന്മാറിയതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
IPL 2022 : രവീന്ദ്ര ജഡേജ ഐപിഎല്ലില്‍ നിന്ന് പുറത്ത്! സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി