IPL 2022: അവന്‍ വിന്‍ഡീസ് പേസറെ അനുസ്മരിപ്പിക്കുന്നു, ഉമ്രാന്‍ മാലിക്കിനെക്കുറിച്ച് ബ്രയാന്‍ ലാറ
ഉമ്രാനെപ്പോലെ കരിയറിന്‍റെ തുടക്കത്തില്‍ അതിവേഗതയില്‍ പന്തെറിയുന്ന ബൗളറായിരുന്നു എഡ്വേര്‍ഡ്സും. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്തോറും വേഗം മാത്രമല്ല വേണ്ടതെന്ന തിരിച്ചറിവ് ഉമ്രാനുണ്ടാകുമെന്നും ലാറ പറഞ്ഞു. നെറ്റ്സില്‍ പന്തെറിയാനെത്തിയ എഡ്വേര്‍ഡ്സിന്‍റെ വേഗം കണ്ട് മതിപ്പു തോന്നിയ ലാറ തന്നെയാണ് അദ്ദേഹത്തെ വിന്‍ഡീസ് ടീമിലെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
മുംബൈ: ഐപിഎല്‍(IPL 2022) സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പ്ലേ ഓഫിന് യോഗ്യത നേടിയില്ലെങ്കിലും അവരുടെ പേസ് നിര ടൂര്‍ണമെന്‍റിലാകെ പുറത്തെടുത്തത് അസാമാന്യ പ്രകടനമായിരുന്നു. ഭുവനേശ്വര്‍ കുമാറും, ടി നടരാജനും ഉമ്രാന്‍ മാലിക്കും കാര്‍ത്തിക് ത്യാഗിയും എല്ലാം അടങ്ങിയ പേസ് നിരയില്‍ വേഗം കൊണ്ടും വിക്കറ്റ് വേട്ടകൊണ്ടും ഞെട്ടിച്ചത് ഉമ്രാന്‍ മാലിക്കായിരുന്നു(Umran Malik). 13 കളികളില്‍ 21 വിക്കറ്റുമായി തിളങ്ങിയ ഉമ്രാന്‍ വേഗം കൊണ്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതും(157 കിലോ മീറ്റര്‍) ഉമ്രാനായിരുന്നു.
ഉമ്രാന്‍ മാലിക്കിന്‍റെ പ്രകടനം കാണുമ്പോള്‍ തനിക്ക് വിന്‍ഡീസ് പേസറായിരുന്ന ഫിഡല്‍ എഡ്വേര്‍ഡ്സിനെയാണ്(Fidel Edwards) ഓര്‍മവരുന്നതെന്ന് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസവും ഹൈദരാബാദിന്‍റെ ബാറ്റിംഗ് പരിശീലകനുമായ ബ്രയാന്‍ ലാറ വ്യക്തമാക്കി. ഉമ്രാനെപ്പോലെ കരിയറിന്‍റെ തുടക്കത്തില്‍ അതിവേഗതയില്‍ പന്തെറിയുന്ന ബൗളറായിരുന്നു എഡ്വേര്‍ഡ്സും. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്തോറും വേഗം മാത്രമല്ല വേണ്ടതെന്ന തിരിച്ചറിവ് ഉമ്രാനുണ്ടാകുമെന്നും ലാറ പറഞ്ഞു. നെറ്റ്സില്‍ പന്തെറിയാനെത്തിയ എഡ്വേര്‍ഡ്സിന്‍റെ വേഗം കണ്ട് മതിപ്പു തോന്നിയ ലാറ തന്നെയാണ് അദ്ദേഹത്തെ വിന്‍ഡീസ് ടീമിലെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
വിന്‍ഡീസിനായി 55 ടെസ്റ്റില്‍ കളിച്ച ഫിഡല്‍ എഡ്വേര്‍ഡ്സ് 165 വിക്കറ്റും 50 ഏകദിനത്തില്‍ നിന്ന് 60 വിക്കറ്റും 26 ടി20 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
അവനെ എത്രയും വേഗം ടീമിലെടുക്കൂവെന്ന് രവി ശാസ്ത്രി
ബിസിസിഐ ഉമ്രാന്‍ മാലിക്കിന് എത്രയും വേഗം കരാര്‍ നല്‍കി ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. ടീമിലെടുക്കുന്നതിലൂടെ മുഹമ്മദ് ഷമിയില്‍ നിന്നും ജസ്പ്രീത് ബുമ്രയില്‍ നിന്നും ഉമ്രാന് ഒരുപാട് പഠിക്കാനാവും. എങ്ങനെ പരിശീലിക്കണം, ജോലിഭാരം എങ്ങനെ കൈകാര്യം ചെയ്യണം എന്നീ കാര്യങ്ങളെല്ലാം ഉമ്രാന് ഇവരില്‍ നിന്ന് പഠിച്ചെടുക്കാനാവുമെന്നും ശാസ്ത്രി പറഞ്ഞു.
വിക്കറ്റ് വീഴ്ത്തി കഴിഞ്ഞാല്‍ ഉമ്രാന്‍ തികച്ചും വ്യത്യസ്തനായ ബൗളറാണ്. അവന്‍റെ പേസ് വെട്ടിക്കുറച്ച് നിയന്ത്രണത്തോടെ പന്തെറിയണമെന്ന് മാത്രം അവനോട് പറയരുതെന്നും ശാസ്ത്രി പറഞ്ഞു.