IPL 2022 : 'നിരാശയുണ്ട്'; മുംബൈ ഇന്ത്യന്‍സിന്‍റെ ദയനീയ പ്രകടനത്തെ കുറിച്ച് ടിം ഡേവിഡ്
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒപ്പമായിരുന്ന ടിം ഡേവിഡിനെ 8.25 കോടി എന്ന മോഹവില നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ഇക്കുറി പാളയത്തിലെത്തിച്ചത്
മുംബൈ: ഐപിഎല്ലില്‍(IPL 2022) മറക്കാനാവാത്ത വേദന സമ്മാനിച്ച സീസണായിരുന്നു രോഹിത് ശര്‍മ്മയുടെ(Rohit Sharma) മുംബൈ ഇന്ത്യന്‍സിന്(Mumbia Indians) ഇക്കുറി. ഓര്‍ത്തിരിക്കാന്‍ അധികമൊന്നുമില്ലാത്ത സീസണ്‍. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി ആദ്യമേ പുറത്തായപ്പോള്‍ മുംബൈക്ക് പ്രതീക്ഷ നല്‍കിയ അപൂര്‍വം താരങ്ങളിലൊരാള്‍ വെടിക്കെട്ട് വീരന്‍ ടിം ഡേവിഡാണ്(Tim David). ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മുംബൈ ടീമിനൊപ്പമുള്ള അനുഭവം വ്യക്തമാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍ ഓള്‍റൗണ്ടറായ ടിം ഡേവിഡ്.
'പ്രതീക്ഷിച്ച മത്സരഫലം ലഭിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഞങ്ങള്‍ നേരിട്ട വെല്ലുവിളി നോക്കുമ്പോള്‍ ആശ്വാസമരുളുന്ന സീസണ്‍ കൂടിയാണിത്. വ്യക്തിപരമായി ഞാനുമേറെ വെല്ലുവിളികള്‍ നേരിട്ടു. അധികമാരെയും അറിയാത്ത ടൂര്‍ണമെന്‍റിലേക്ക് എത്തിയപ്പോള്‍ തുടക്കം അപരിചിതവും വെല്ലുവിളിയുമായി. എന്നാല്‍ ടൂര്‍ണമെന്‍റ് മുന്നേറിയതിന് അനുസരിച്ച് ആ പ്രശ്‌നം പരിഹരിക്കപ്പെട്ട് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെ എല്ലാവരുമായി പരിചയത്തിലായി' എന്നും ടിം ഡേവിഡ് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒപ്പമായിരുന്ന ടിം ഡേവിഡിനെ 8.25 കോടി എന്ന മോഹവില നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ഇക്കുറി പാളയത്തിലെത്തിച്ചത്. 26കാരനായ ഓള്‍റൗണ്ടര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 37.20 ശരാശരിയിലും 215 സ്‌ട്രൈക്ക് റേറ്റിലും 186 റണ്‍സ് പേരിലാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ അവസാന മത്സരത്തില്‍ 11 പന്തില്‍ 34 റണ്‍സുമായി മിന്നി.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ ഇന്ത്യന്‍സ്. ലീഗ് ഘട്ടത്തിലെ 14 മത്സരങ്ങളില്‍ നാല് ജയം മാത്രമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ടിം ഡേവിഡ് ഫിനിഷറായി തിളങ്ങിയപ്പോള്‍ തിലക് വര്‍മ്മയാണ് സീസണില്‍ പ്രതീക്ഷ നല്‍കിയ മറ്റൊരു താരം. രണ്ട് അര്‍ധ സെഞ്ചുറികളോടെ 36.09 ശരാശരിയില്‍ 397 റണ്‍സ് താരം നേടി. രമണ്‍ദീപ് സിംഗും സീസണില്‍ മുംബൈ ജേഴ്‌സിയില്‍ പ്രതീക്ഷ നല്‍കിയ താരമാണ്. ടി20 ബ്ലാസ്റ്റിലാണ് ടിം ഡേവിഡ് ഇനി കളിക്കേണ്ടത്.
IPL 2022 : വീണ്ടും സഞ്ജു-ഹസരങ്ക പോര്; നെഞ്ചിടിച്ച് ആരാധകര്‍