IPL 2022 : റെയ്‌നയുടെ വിധി ജഡ്ഡുവിനും? സിഎസ്‌കെയില്‍ രവീന്ദ്ര ജഡേജയുടെ ഭാവി സംബന്ധിച്ച് സൂചനയുമായി മുന്‍താരം
അടുത്ത സീസണില്‍ ചെന്നൈ കുപ്പായത്തില്‍ ജഡേജ ചിലപ്പോഴുണ്ടായേക്കില്ല എന്നാണ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കിയത്
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ(Ravindra Jadeja) ടീമില്‍ നിന്ന് പുറത്തായത് സംബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പുകയുന്നതിനിടെ താരത്തിന്‍റെ ഭാവിയെ കുറിച്ച് സൂചനയുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര(Aakash Chopra). അടുത്ത സീസണില്‍ ചെന്നൈ കുപ്പായത്തില്‍ ജഡേജ ചിലപ്പോഴുണ്ടായേക്കില്ല എന്നാണ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കിയത്.
'ഇത്തരം സംഭവങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാമ്പില്‍ മുമ്പുമുണ്ടായിട്ടുണ്ട്. പരിക്കിനെ കുറിച്ച് വ്യക്തമായ വിവരങ്ങളില്ല, ഒരു സുപ്രഭാതത്തില്‍ ഒരു താരം കളിക്കാതെയാവുന്നു. സുരേഷ് റെയ്‌നയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്. ഒരുഘട്ടം വരെ കളിച്ച റെയ്‌നയുടെ ഭാവി അങ്ങനെ അവസാനിച്ചു. അതിനാല്‍ ജഡ്ഡുവിന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ജഡേജയുടെ അസാന്നിധ്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടിയാവും' എന്നും ആകാശ് ചോപ്ര പറഞ്ഞു.
മുന്‍ നായകന്‍ കൂടിയായ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കിനെ തുടര്‍ന്ന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെ അറിയിക്കുകയായിരുന്നു. പരിക്കുമൂലം മെഡിക്കല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജഡേജയെ ടീം വിട്ടുപോകാന്‍ അനുവദിക്കുകയാണ് എന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കിയത്. എന്നാല്‍ ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന് മറ്റ് കാരണങ്ങളുണ്ട് എന്ന അഭ്യൂഹം ശക്തമാണ്. പരിക്കിനെ തുടര്‍ന്നാണ് ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റിയതെന്നായിരുന്നു നേരത്തെ ധോണി നല്‍കിയ വിശദീകരണം.
ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണെന്നാണ് സൂചന. രവീന്ദ്ര ജഡേജയെ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അണ്‍ഫോളോ ചെയ്‌തതാണ് ഇരു കൂട്ടര്‍ക്കുമിടയില്‍ പോര് മുറുകുന്നതായി സൂചിപ്പിക്കുന്നത്. ഈ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ജഡേജയെ ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീം തുടര്‍ തോല്‍വികളിലേക്ക് വീണതോടെ ജഡേജയുടെ ക്യാപ്റ്റന്‍ സ്ഥാനം എം എസ് ധോണിക്ക് തിരികെ നൽകി. സീസണില്‍ ബാറ്റിംഗിലും ബൗളിംഗിലും ജഡേജ തിളങ്ങിയിരുന്നില്ല. 10 കളിയില്‍ 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് ജഡേജയുടെ നേട്ടം.