കൊവിഡ് പോരാളികള്‍ക്ക് ആദരം; യുഎഇയില്‍ ആര്‍സിബി ആദ്യ മത്സരത്തിനിറങ്ങുക നീല ജേഴ്‌സിയില്‍
അബുദാബിയില്‍ സെപ്‌റ്റംബര്‍ 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ആര്‍സിബി നീല ജേഴ്‌സി അണിഞ്ഞാവും ഇറങ്ങുക

അബുദാബി: യുഎഇയില്‍ ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കമിടുക കൊവിഡ്-19 പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട്. അബുദാബിയില്‍ സെപ്‌റ്റംബര്‍ 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ആര്‍സിബി നീല ജേഴ്‌സി അണിഞ്ഞാവും ഇറങ്ങുക. വൈകിട്ട് 7.30നാണ് മത്സരം.
കൊവിഡ് പോരാളികള്‍ക്ക് ആദരമായി നീല കുപ്പായത്തില്‍ ഐപിഎല്‍ കളിക്കുമെന്ന് ആര്‍സിബി കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ ബയോ-ബബിളില്‍ കൊവിഡ് വ്യാപിച്ചതിനാല്‍ ടൂര്‍ണമെന്‍റ് നിര്‍ത്തിവച്ചതോടെ ഈ ശ്രമം വിഫലമായിരുന്നു.
കെകെആറിനെതിരെ 20-ാം തിയതി ആര്‍സിബി താരങ്ങള്‍ നീല ജേഴ്‌സി അണിഞ്ഞ് മൈതാനത്തിറങ്ങും. കൊവിഡ് മുന്നണി പോരാളികളുടെ പിപിഇ കിറ്റിനെ ഓര്‍മ്മിപ്പിക്കുന്നതാണ് നീല ജേഴ്‌സി. മഹാമാരിക്കാലത്തെ അവരുടെ അമൂല്യമായ സേവനത്തെ ആദരിക്കുകയാണ് ഇതുവഴി എന്നും ആര്‍സിബി ട്വീറ്റ് ചെയ്‌തു.
ഐപിഎല്‍ രണ്ടാംഘട്ടത്തിനായി ആര്‍സിബി നായകന്‍ വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ യുഎഇയില്‍ എത്തിയിട്ടുണ്ട്. കോലിയും സിറാജും ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ മാഞ്ചസ്റ്ററില്‍ നിന്ന് യുഎഇയില്‍ എത്തിയത്. പരിശീലകന്‍ മൈക്ക് ഹെസ്സന്‍റെ മേല്‍നോട്ടത്തിലാണ് യുഎഇയില്‍ ടീമിന്‍റെ പരിശീലനം.
ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫ് കളിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കോലിയുടെ ആര്‍സിബി. ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമതും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടാം സ്ഥാനത്തും സീസണ്‍ പുനരാരംഭിക്കും. ദുബൈയില്‍ സെപ്റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തോടെ ഐപിഎല്‍ 14-ാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് തുടക്കമാകും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


