എല്ലാം ധോണിയുടെ പ്ലാന്‍; ഐപിഎല്‍ കിരീടം ഇക്കുറി ഉയര്‍ത്താന്‍ ചെന്നൈ ചെയ്യുന്നത്
പ്രാക്‌ടീസിന്‍റെ കുറവുള്ളതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിക്കണം എന്ന നിര്‍ദേശം നായകന്‍ ധോണിയാണ് മുന്നോട്ടുവച്ചത്
ചെന്നൈ: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020 എഡിഷന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. നഗരം കൊവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണെങ്കിലും ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതോടെയാണിത്. ഓഗസ്റ്റ് 15 മുതലാണ് താരങ്ങളുടെ പരിശീലനം ചെപ്പോക്കില്‍ നടക്കുക.
ഈ മാസം പതിനാലാം തീയതി നായകന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, ഹര്‍ഭജന്‍ സിംഗ്, പീയുഷ് ചൗള എന്നിവര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ചെന്നൈയിലെത്തും. കൊവിഡ് ബാധിതരല്ല എന്ന് ചെന്നൈയിലേക്ക് യാത്ര തിരിക്കും മുമ്പ് താരങ്ങള്‍ തെളിയിക്കണം. നഗരത്തിലെത്തി തൊട്ടടുത്ത ദിവസം താരങ്ങളുടെ പരിശീലനം ആരംഭിക്കും. ആദ്യഘട്ട പരിശീലനത്തിന് ശേഷം ഓഗസ്റ്റ് 21നാണ് താരങ്ങള്‍ ദുബായിലേക്ക് യാത്ര തിരിക്കുന്നത്. കൊവിഡ് പരിശോധനയ്ക്ക് ശേഷമാകും താരങ്ങള്‍ക്ക് ദുബായിലേക്ക് യാത്ര ചെയ്യാനാവുക.
എന്നാല്‍ വിദേശികളായ താരങ്ങള്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിനെ ചെന്നൈയിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സിഎസ്‌കെ ഉറപ്പുനല്‍കിയിട്ടുണ്ട്. ചെന്നൈയുടെ ബൗളിംഗ് ഉപദേശകനായ ഇന്ത്യന്‍ മുന്‍താരം എല്‍ ബാലാജിയാവും ക്യാമ്പിന്‍റെ മേല്‍നോട്ടം വഹിക്കുക. നേരിട്ട് ടീം ഹോട്ടലില്‍ എത്തുന്ന താരങ്ങള്‍ക്ക് ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് പോകാന്‍ മാത്രമാണ് അനുമതിയുള്ളത്.
പ്രാക്‌ടീസിന്‍റെ കുറവുള്ളതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിക്കണം എന്ന നിര്‍ദേശം നായകന്‍ ധോണിയാണ് മുന്നോട്ടുവച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നിലാണ് ധോണിയുടെ സംഘവും സാധാരണയായി പരിശീലനം നടത്താറ്. എന്നാല്‍ ഇക്കുറി ചെപ്പോക്കില്‍ ആരാധകര്‍ക്കും പ്രവേശനമില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്ക് മാത്രമാണ് യുഎഇയിലേക്ക് തിരിക്കും മുമ്പ് ടീം ക്യാമ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
ഐപിഎല്ലിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് വിരുന്ന്; എല്ലാം രാഹുല്‍ ദ്രാവിഡിന്റെ പ്ലാനാണ്