'ഇന്ത്യന്‍ ടീം ഓസീസിനെതിരെ പന്തില്‍ കൃത്രിമം കാട്ടി'; കടുത്ത ആരോപണവുമായി ഇന്‍സമാം

സൂപ്പര്‍ 8 അങ്കത്തില്‍ ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ 24 റണ്‍സിന് വിജയിച്ചിരുന്നു

Inzamam ul Haq claims that India tampered with the ball to get reverse swing in T20 World Cup 2024

ലാഹോര്‍: ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യ സെമിഫൈനലിലെത്തിയതിന് പിന്നാലെ ഗുരുതര ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഓസ്ട്രേലിയക്കെതിരെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്നാണ് ഇന്‍സമാം തെളിവുകളേതുമില്ലാതെ ആരോപിച്ചത്. ടീം പന്തില്‍ കൃത്രിമം കാണിച്ചതോടെയാണ് അര്‍‌ഷ്‌ദീപ് സിംഗിന് റിവേഴ്‌സ് സ്വിങ് ലഭിച്ചതെന്നും ഇന്‍സമാം ആരോപിക്കുന്നു. 

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 അങ്കത്തില്‍ ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യ 24 റണ്‍സിന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിനെതിരെ ഇന്‍സമാം ഉള്‍ ഹഖ് ഗുരുതര ആരോപണം അഴിച്ചുവിട്ടത്. 'അര്‍ഷ്‌ദീപ് സിംഗ് ഇന്നിംഗ്‌സിലെ 15-ാം ഓവര്‍ എറിയുമ്പോള്‍ റിവേഴ്‌സ് സ്വിങ് ലഭിച്ചിരുന്നു എന്ന വസ്‌തുത ആര്‍ക്കും തള്ളാനാവില്ല. 12-13 ഓവര്‍ ആയപ്പോഴാണോ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാന്‍ പാകമായത്. അംപയര്‍മാര്‍ കണ്ണ് തുറന്ന് നോക്കണം. അര്‍ഷ്‌ദീപ് ആ സമയത്ത് റിവേഴ്‌സ് സ്വിങ് നടത്തണമെങ്കില്‍ പന്തില്‍ ചിലത് ചെയ്‌തിരിക്കണം' എന്നുമാണ് ഇന്‍സമാം പാകിസ്ഥാനിലെ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യ ടുഡേയും ഹിന്ദുസ്ഥാന്‍ ടൈംസും അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇന്‍സമാമിന്‍റെ പ്രതികരണമായി ഒരു വീഡിയോ ഇതിനകം വൈറലായിട്ടുമുണ്ട്. 

അതേസമയം അര്‍ഷ്‌ദീപിന് പകരം ജസ്‌പ്രീത് ബുമ്രക്കാണ് ആ സമയം റിവേ‌ഴ്സ് സിങ് ലഭിച്ചത് എങ്കില്‍ അംഗീകരിക്കുമായിരുന്നു എന്നും ഇന്‍സമാം പറയുന്നു. 'ജസ്പ്രീത് ബുമ്രക്കാണ് റിവേഴ്‌സ് സ്വിങ് ലഭിച്ചതെങ്കില്‍ എനിക്ക് മനസിലാകുമായിരുന്നു. കാരണം അയാളുടെ ആക്ഷന്‍ അങ്ങനെയാണ്' എന്നുമാണ് ഇന്‍സമാം ഉള്‍ ഹഖിന്‍റെ വിശദീകരണം. എന്നാല്‍ ഇന്‍സമാമിന്‍റെ ആരോപണത്തോട് ഐസിസിയോ ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. ഓസീസിനെതിരെ നാലോവര്‍ എറിഞ്ഞ അര്‍ഷ്‌ദീപ് സിംഗ് 37 റണ്‍സിന് മൂന്ന് പേരെ പുറത്താക്കിയിരുന്നു. ഡേവിഡ് വാര്‍ണറെ ആദ്യ ഓവറിലും മാത്യൂ വെയ്‌ഡ്, ടിം ഡേവിഡ് എന്നിവരെ 18-ാം ഓവറിലുമാണ് അര്‍ഷ് പറഞ്ഞയച്ചത്. 

Read more: ട്വന്‍റി 20 ലോകകപ്പ്: സെമിയില്‍ മഴ മാത്രമല്ല, ടീം ഇന്ത്യക്ക് മറ്റ് മൂന്ന് ഭീഷണികളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios