പാകിസ്ഥാനെ തോൽപ്പിച്ചാൽ മാത്രം മികച്ച ടീമാവില്ല, ഓസ്ട്രേലിയക്കെതിരായ തോൽവിയിൽ തുറന്നടിച്ച് മുഹമ്മദ് കൈഫ്
ഫെബ്രുവരി 23ന് ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പിച്ചാല്‍ പിന്നെ എല്ലാവരും ഈ തോല്‍വിയൊക്കെ മറക്കും. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പിച്ചതുകൊണ്ട് മാത്രം നമ്മള്‍ മികച്ച ടീമാവില്ല.
ലക്നൗ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയില്‍ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യ വൈറ്റ് ബോളില്‍ മാത്രം മികവ് കാട്ടുന്നവരാണെന്നും ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇപ്പോഴത്തെ തോല്‍വിയുടെ കാര്യമെല്ലാം എല്ലവാവരും മറക്കുമെന്നും കൈഫ് പറഞ്ഞു.
ഫെബ്രുവരി 23ന് ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനെ തോല്‍പിച്ചാല്‍ പിന്നെ എല്ലാവരും ഈ തോല്‍വിയൊക്കെ മറക്കും. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പാകിസ്ഥാനെ തോല്‍പിച്ചതുകൊണ്ട് മാത്രം നമ്മള്‍ മികച്ച ടീമാവില്ല. വൈറ്റ് ബോളില്‍ നമ്മള്‍ ചാമ്പ്യൻ ടീമാണെന്നൊക്കെ എല്ലാവരും പറയും. എന്നാല്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിക്കാന്‍ ഇതൊന്നും പോര. അതിന് കരുത്തുറ്റ ടീം തന്നെ വേണം. പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നും ഓസ്ട്രേലിയയിലേതുപോലെ സീമിംഗ് പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നും നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ വെറും വെള്ളപ്പന്തിലെ കരുത്തര്‍ മാത്രമാണെന്നതാണ് വസ്തുത. ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റു ടീമുകളെക്കാള്‍ ഏറെ പിന്നിലാണ് നമ്മള്‍. ഇനിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ നമ്മള്‍ തയാറാവണമെന്നും കൈഫ് പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിക്കണമെന്നുണ്ടെങ്കില്‍ ഇന്ത്യൻ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാകണം. പന്ത് കുത്തിത്തിരിയുന്ന പിച്ചുകളിലും സീമിംഗ് പിച്ചുകളിലും കളിച്ചു പഠിക്കണം. അല്ലാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പൊന്നും ജയിക്കാനാവില്ലെന്നും കൈഫ് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
Khari khari baat.. Kadwa sach#TestCricket #BGT #AUSvIND#CricketWithKaif11 pic.twitter.com/WXFJY9aLSq
— Mohammad Kaif (@MohammadKaif) January 5, 2025
ഓസ്ട്രേലിയക്കെതിരായ 1-3ന്‍റെ പരമ്പര തോല്‍വി ഒരു മുന്നറിയിപ്പായി ഇന്ത്യ കാണണം. ഇനിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കാന്‍ നമുക്കാകണം. ഇത് ഗൗതം ഗംഭീറിന്‍റെ മാത്രം പ്രശ്നമല്ല, എല്ലാ കളിക്കാരും ഒരുപോലെ കുറ്റക്കാരാണ്. എല്ലാ കളിക്കാര്‍ക്കും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ അവസരമുണ്ട്. പക്ഷെ അത് മടുപ്പിക്കുന്നതാണെന്ന് പറഞ്ഞ് പലപ്പോഴും അവര്‍ ഒഴിവാക്കും. രഞ്ജി ട്രോഫിയിലും കളിക്കാൻ തയാറല്ല, പരിശീലന മത്സരത്തിലും കളിക്കാന്‍ തയാറല്ല, പിന്നെ എങ്ങനെയാണ് അവര്‍ മെച്ചപ്പെടുകയെന്നും കൈഫ് ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക