'എല്ലാവരും ആത്മവിശ്വാസത്തിലാണ്'; ടി20 ലോകകപ്പിന് മുമ്പ് പ്രതീക്ഷകള്‍ പങ്കുവച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്
ലോകകപ്പിന് മുന്നോടിയായി 16 ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ഒന്നിച്ച് പങ്കെടുത്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രോഹിത്.
പെര്‍ത്ത്: ടി20 ലോകകപ്പിനൊരുങ്ങുകയാണ് ഇന്ത്യ. രണ്ടാം കിരീടം ലക്ഷ്യമിടുന്ന ടീം രോഹിത് ശര്‍മയുടെ കീഴിലാണ് ഇറങ്ങുന്നത്. യുഎഇയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. അന്ന് പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും ആദ്യ റൗണ്ടില്‍ തോറ്റതോടെ ടീം പുറത്താവുകയായിരുന്നു. ലോകകപ്പിനെത്തുമ്പോള്‍ പ്രമുഖ താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാണ്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ലോകകപ്പിനെത്തുന്നില്ല.
വിവിധ താരങ്ങളുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പരിക്കേല്‍ക്കുന്നത് നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമല്ല. ബുമ്ര ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ലോകകപ്പ് പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഒരു താരത്തിന്റെ കരിയറും പ്രധാനമാണ്. ബുമ്രയ്ക്ക് 27-28 വയസ് ആയിട്ടൊള്ളൂ. അദ്ദേഹത്തിന് ഇനിയും ഒരുപാട് കാലം ക്രിക്കറ്റ് കളിക്കാന്‍ കഴിയും. തീര്‍ച്ചയായും ബുമ്രയെ മിസ് ചെയ്യുന്നുണ്ട്.'' രോഹിത് പറഞ്ഞു. ''സൂര്യകുമാര്‍ മികച്ച ഫോമിലാണ്. അതേ പ്രകടനം ടി20 ലോകകപ്പിലും തുടരുമെന്നാണ് പ്രതീക്ഷ. ആത്മവിശ്വാസമുള്ള താരമാണ് സൂര്യ. പേടിയില്ലാതെ കളിക്കാന്‍ അവന് സാധിക്കുന്നു. ടീമിന്റെ എക്‌സ് ഫാക്റ്റര്‍ സൂര്യയായിരിക്കും.'' രോഹിത് കൂട്ടിചേര്‍ത്തു.
''പരിക്കുകള്‍ ഗെയിമിന്റെ ഭാഗമാണ്. ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരുപാട് മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരിക്കേല്‍ക്കും. അതുകൊണ്ടാണ് ബെഞ്ച് സ്‌ട്രെങ്ത് വര്‍ധിപ്പിക്കാന്‍ ടീം ശ്രമിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ ഒരുപാട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കി. ഷമി കൊവിഡ് പോസിറ്റാവായിരുന്നു. പിന്നീട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിനെത്തി. നിലവില്‍ ബ്രിസ്‌ബേനിലാണ് ഷമി. നാളെ ബ്രിസ്‌ബേനില്‍ അദ്ദേഹം ടീമിനൊപ്പം ചേരും. ഷമി ആത്മവിശ്വാസത്തിലാണ്. താരങ്ങളെ മാനേജ് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് പരമാവധി ശ്രമിച്ചു. എന്നാല്‍ പരിക്ക് പലപ്പോഴും വില്ലനായി. അതുകൊണ്ടാണ് ബഞ്ച് സ്‌ട്രെങ്ത് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചത്.'' രോഹിത് കൂട്ടിചേര്‍ത്തു.
ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചുള്ള ചോദ്യം; മാധ്യമങ്ങള്‍ രോഹിത്തിന്റെ കടുപ്പത്തിലുള്ള മറുപടി
ലോകകപ്പിന് മുന്നോടിയായി 16 ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ഒന്നിച്ച് പങ്കെടുത്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രോഹിത്. പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൂടാതെ ഗ്രൂപ്പില്‍ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. മാത്രമല്ല, യോഗ്യത നേടിവരുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രം സെമി ഫൈനലിലേക്ക് യോഗ്യത നേടുമെന്നിരിക്കെ ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്.