ഇത് രോഹിത്തിന്റെ മാത്രം ലോകകപ്പ്! ഈ ഫോമില്‍ ഹിറ്റ്മാന് റണ്‍വേട്ടയില്‍ ഒന്നാമതെത്താം, വേണ്ടത് ഇത്രമാത്രം
എട്ട് മത്സരങ്ങളില്‍ 35.12 ശരാശരിയില്‍ 281 റണ്‍സാണ് ഗുര്‍ബാസിന്റെ സമ്പാദ്യം. 124.33 സ്‌ട്രൈക്ക് റേറ്റാണ് ഗുര്‍ബാസിനുള്ളത്.
ബാര്‍ബഡോസ്: ആരായിരിക്കും ടി20 ലോകകപ്പില്‍ ഏറ്റവും കൂടുല്‍ റണ്‍സ് കണ്ടെത്തുന്ന താരം? എന്തായാലും ഇന്ത്യ - ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരത്തോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമാവും. നിലവില്‍ അഫ്ഗാനിസ്ഥാന്‍ താം റഹ്മാനുള്ള ഗുര്‍ബാസാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് രണ്ടാം സ്ഥാനത്ത്. ഇരുവരുടേയും ടീമുകള്‍ പുറത്തായതിനാല്‍ ഇവര്‍ നേടിയ റണ്‍സില്‍ ഇനി മാറ്റമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഒന്നാമതെത്താനുള്ള സുവര്‍ണാവസരമുണ്ട്.
എട്ട് മത്സരങ്ങളില്‍ 35.12 ശരാശരിയില്‍ 281 റണ്‍സാണ് ഗുര്‍ബാസിന്റെ സമ്പാദ്യം. 124.33 സ്‌ട്രൈക്ക് റേറ്റാണ് ഗുര്‍ബാസിനുള്ളത്. മൂന്ന് അര്‍ധ സെഞ്ചുറി നേടിയിട്ടുള്ള അഫ്ഗാന്‍ ഓപ്പണറുടെ ഉയര്‍ന്ന സ്‌കോര്‍ 80 റണ്‍സാണ്. രണ്ടാമതുള്ള ഹെഡ് 255 റണ്‍സാണ് നേടിയത്. ഏഴ് മത്സരങ്ങളില്‍ നിന്നാണ് ഹെഡിന്റെ നേട്ടം. 42.50 ശരാശരിയിലും 158.38 സ്‌ട്രൈക്ക് റേറ്റിലുമാണ് ഹെഡ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 76 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒന്നാം സ്ഥാനത്തുള്ള ഗുര്‍ബാസിനേക്കാള്‍ 33 റണ്‍സ് മാത്രം പിറകിലാണ് രോഹിത്.
ഏഴ് മത്സരങ്ങളില്‍ 248 റണ്‍സ് നേടിയ രോഹിത് 34 റണ്‍സ് നേടിയാല്‍ ഗുര്‍ബാസിനെ മറികടക്കാം. ഓസ്‌ട്രേലിയക്കെതിരെ നേടിയ 92 റണ്‍സാണ് രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നിംഗ്‌സ് കഴിയുമ്പോള്‍ രോഹിത് ഒന്നാമതുണ്ടാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. റണ്‍വേട്ടയില്‍ അഫ്ഗാന്റെ തന്നെ ഇബ്രാഹിം സദ്രാനാണ് നാലാം സ്ഥാനത്ത്. എട്ട് മത്സരങ്ങളില്‍ 231 റണ്‍സാണ് സമ്പാദ്യം. ഏഴ് മത്സരങ്ങളില്‍ 228 റണ്‍സ് നേടിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന്‍ അഞ്ചാമതുണ്ട്.
ആന്‍ഡ്രീസ് ഗൗസ് (യുഎസ് - 219), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട് - 214), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക - 204), സൂര്യകുമാര്‍ യാദവ് (ഇന്ത്യ - 196), ഫിലിപ് സാള്‍ട്ട് (ഇംഗ്ലണ്ട് - 188) എന്നിവരാണ് പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (171) 12-ാം സ്ഥാനത്തുണ്ട്.