പാക് ക്രിക്കറ്റിനെ സ്പോൺസർ ചെയ്ത് വാതുവെപ്പ് സ്ഥാപനം, നിക്ഷപകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍
രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനം കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ പ്രധാന സ്പോണ്‍സര്‍മാരായിരുന്നു. ആരംഭിച്ച് രണ്ട് വര്‍ഷം കൊണ്ട് 2640 കോടി രൂപ മൂല്യമുള്ള പാക് സൂപ്പര്‍ ലീഗിന്‍റെ മുഖ്യ സ്പോണ്‍സര്‍മാരായി വളര്‍ന്ന സ്ഥാപനത്തിലെ നിക്ഷേപകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
മുംബൈ: പാക് ക്രിക്കറ്റിന്‍റെ നട്ടെല്ലായ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും പാക്കിസ്ഥാന്‍റെ മറ്റ് നിരവധി പരമ്പരകളും സ്പോണ്‍സര്‍ ചെയ്യുന്ന സ്കൈ 247.നെറ്റ്(sky247.net) എന്ന വാതുവെപ്പ് സ്ഥാപനത്തിലെ 70 നിക്ഷേപകരും ഇന്ത്യക്കാര്‍. 2019ല്‍ ഡച്ച്-വെസ്റ്റ് ഇന്‍ഡീസ് ദ്വീപായ കുറാക്കാവോയില്‍ രജിസ്റ്റര്‍ ചെയ്ത സ്കൈ 247.നെറ്റിലെ 70 ശതമാനം നിക്ഷേപകരോ ഉപയോക്താക്കളോ ഇന്ത്യക്കാരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ നിക്ഷേപകരുടെ പണം ഉപയോഗിച്ച് പാക് ക്രിക്കറ്റിനെ വളര്‍ത്തുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.
രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനം കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ പ്രധാന സ്പോണ്‍സര്‍മാരായിരുന്നു. ആരംഭിച്ച് രണ്ട് വര്‍ഷം കൊണ്ട് 2640 കോടി രൂപ മൂല്യമുള്ള പാക് സൂപ്പര്‍ ലീഗിന്‍റെ മുഖ്യ സ്പോണ്‍സര്‍മാരായി വളര്‍ന്ന സ്ഥാപനത്തിലെ നിക്ഷേപകരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇതിന് പുറമെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക പരമ്പര, ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ്, അയര്‍ലന്‍ഡ്-യുഎഇ പരമ്പര, വിവിധ രാജ്യങ്ങളിലെ ടി20, ടി10 പരമ്പരകള്‍ എന്നിവയുടെയെല്ലാം പ്രധാന സ്പോണ്‍സര്‍മാരായി സ്കൈ247നെറ്റ് മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ശ്രീലങ്ക-ഇന്ത്യ പരമ്പരയുടെയും പ്രധാന സ്പോണ്‍സര്‍മാര്‍ സ്കൈ247നെറ്റ് ആയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ വാതുവെപ്പിലൂടെ വന്‍ വളര്‍ച്ച നേടിയ സഥാപനം പ്രധാന ടൂര്‍ണമെന്‍റുകളുടെ സ്പോണ്‍സര്‍മാരായതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നാണ് സൂചന. ഇന്ത്യയിൽ വാതുവെപ്പ് തടയാൻ പോലീസ് തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഓൺലൈൻ വാതുവെപ്പ് തടയാൻ ബുദ്ധിമുട്ടുകയാണ്.
ഇന്ത്യയിൽ ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ നിരോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി 2019-ൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ സൈറ്റുകൾ വിദേശത്ത് നിന്ന് പ്രവർത്തിപ്പിക്കുന്നതിനാൽ അത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ കേന്ദ്രീകരിച്ച് വാതുവെപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നും ഇവയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.