ഗില്ലിന് സെഞ്ചുറി നഷ്ടം! ശ്രേയസും അക്‌സറും തിളങ്ങി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.
![india won over england by five wickets in first odi india won over england by five wickets in first odi](https://static-gi.asianetnews.com/images/01jkdvv8vy1d39wp75akvq9vev/photo-4-1738853426046_363x203xt.jpg)
നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാളിന്റെ (15) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച്. പിന്നാലെ രോഹിത്തും മടങ്ങി. ഏഴ് പന്തുകള്‍ നേരിട്ട രോഹിത്, സാകിബ് മെഹ്മൂദിന്റെ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്തില്‍ മിഡ് ഓണില്‍ ലിയാം ലിവിംഗ്സ്സ്റ്റണിന്റെ കൈകളിലേക്ക്. പിന്നീട് ഗില്‍ - ശ്രേയസ് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. വിരാട് കോലിയുടെ അഭാവത്തില്‍ ഗില്‍ മൂന്നാം നമ്പറിലാണ് കളിച്ചത്. ശ്രേയസ് നാലാം സ്ഥാനത്തും.
ഇരുവരും ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ ശ്രേയസ് 16-ാം ഓവറിലെ അവസാന പന്തിലാണ് മടങ്ങുന്നത്. ബേതലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 36 പന്തുകള്‍ മാത്രം നേരിട്ട താരം രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. ഇതോടെ മൂന്നിന് 113 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്നെത്തിയ അക്‌സര്‍, ഗില്ലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 108 റണ്‍സാണ് ഇരുവരും ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്. സ്ഥാനക്കയറ്റം ലഭിച്ച അക്‌സര്‍ 47 പന്തിലാണ് 52 റണ്‍സ് നേടിയത്. ഒരു സിക്‌സും ആറ് ഫോറും നേടിയ താരം ആദില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ കെ എല്‍ രാഹുലില്‍ (2) ആദില്‍ റഷീദിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ധൃതിയില്‍ ഗില്‍ മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. മെഹ്മൂദിനായിരുന്നു വിക്കറ്റ്. ഹാര്‍ദിക് പാണ്ഡ്യ (9) - രവീന്ദ്ര ജഡേജ (12) സഖ്യം കൂടുതല്‍ നഷ്ടമാവാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (43) - ബെന്‍ ഡക്കറ്റ് (32) സഖ്യം 75 റണ്‍സ് ചേര്‍ത്തു. ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞെങ്കിലും അപ്പോഴേക്കും മികച്ച തുടക്കം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. എന്നാല്‍ രണ്ട് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യം ഫിലിപ്പ് സാള്‍ട്ട് റണ്ണൗട്ടായി. പിന്നാലെ 10-ാം ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെ ഹര്‍ഷിത്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ ഹാരി ബ്രൂക്കിനെ (0), വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലേക്ക് അയക്കാനും റാണയ്ക്ക് സാധിച്ചു. \
പിന്നീട് ജോ റൂട്ട് (19) - ബട്‌ലര്‍ സഖ്യം 34 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് തോന്നിക്കെയാണ് രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂ നല്‍കുന്നത്. റൂട്ടിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലൊന്നിച്ച ബട്‌ലര്‍ - ബേതല്‍ സഖ്യമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ഇരുവരും 59 റണ്‍സാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പം കൂട്ടിചേര്‍ത്തത്. എന്നാല്‍ ബട്‌ലറെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല.
ലിയാം ലിവിംഗ്സ്റ്റണ്‍ (5), ബ്രൈഡണ്‍ കാര്‍സ് (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ബേതലും മടങ്ങി. ആദില്‍ റഷീദ് (8), സാകിബ് മഹ്മൂദ് (2) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 248ന് അവസാനിച്ചു. ജോഫ്ര ആര്‍ച്ചര്‍ (21) പുറത്താവാതെ നിന്നു. എട്ട് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.