സഞ്ജു തുടങ്ങി, ഹാര്‍ദിക് തീര്‍ത്തു! ആദ്യ ടി20യില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് സൂര്യയും സംഘവും
ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് ശര്‍മ (16) സഖ്യം 25 റണ്‍സ് ചേര്‍ത്തു.
ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ (29) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും 29 റണ്‍സെടുത്തു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് ശര്‍മ (16) സഖ്യം 25 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അഭിഷേക് റണ്ണൗട്ടായി. മൂന്നാമതെത്തിയ സൂര്യ വേഗത്തില്‍ റണ്‍സുയര്‍ത്തി. സഞ്ജുവിനൊപ്പം 40 റണ്‍സാണ് സൂര്യ ചേര്‍ത്തത്. 14 പന്തുകള്‍ മാത്രം നേരിട്ട സൂര്യ മൂന്ന് സിക്‌സും രണ്ട് ഫോറും നേടി. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. എട്ടാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. മെഹിദി ഹസന്‍ മിറാസിനെ കൂറ്റനടിക്ക് ശ്രമിച്ച് റിഷാദ് ഹുസൈന്‍ ക്യാച്ച് നല്‍കുയായിരുന്നു സഞ്ജു. 19 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. സഞ്ജു മടങ്ങിയെങ്കിലും നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16) കൂട്ടുപിടിച്ച് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ട് സിക്‌സും അഞ്ച് ഫോറും ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് തകര്‍ത്തത്. 19.5 ഓവറില്‍ അരങ്ങേറ്റക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശമായിരുന്നു ബംഗ്ലാദേശിന്റെ തടുക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ് (4), പര്‍വേസ് ഹുസൈന്‍ ഇമോന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. പിന്നീട് നജ്മുല്‍ ഹുസൈന്‍ ഷാന്റോ (27) - തൗഹിദ് ഹൃദോയ് (12) സഖ്യം 26 റണ്‍സ് കൂട്ടിചേര്‍്ത്തു. എന്നാല്‍ ഹൃദോയിയെ പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മഹ്മുദുള്ള (1), ജാക്കര്‍ അലി (8) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.
ഇതിനിടെ ഷാന്റോയും മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 75 എന്ന നിലയിലായി. പിന്നീട് റിഷാദ് ഹുസൈന്‍ (11), ടസ്‌കിന്‍ ്അഹമ്മദ് (12) എന്നിവരെ കൂട്ടുപിടിച്ച് മെഹിദി നടത്തിയ പോരാട്ടാണ് സ്‌കോര്‍ 120 കടത്തിയത്. ഷൊറിഫുള്‍ ഇസ്ലാമാണ് (0) പുറത്തായ മറ്റൊരു താരം. മുസ്തഫിസുര്‍ റഹ്മാന്‍ (1) അര്‍ഷ്ദീപിന്റെ യോര്‍ക്കറില്‍ ബൗള്‍ഡായി. മായങ്കിനൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.