12 വര്‍ഷത്തിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ ഏകദിന പരമ്പര, ഒപ്പം ലോകറെക്കോര്‍ഡും അടിച്ചെടുത്ത് ഇന്ത്യ
2003ല്‍ ഓസ്ട്രേലിയയുടെ സുവര്‍ണ തലമുറയാണ് 47 മത്സരങ്ങളില്‍ 38 ജയങ്ങള്‍ നേടി ലോകറെക്കോര്‍ഡ് ഇട്ടത്. 2022ല്‍ ഇന്ത്യ 38 ജയങ്ങള്‍ നേടിയത് 55 മത്സരങ്ങളില്‍ നിന്നാണ്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ടീം ഇന്ത്യ. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്നത്തെ ജയത്തോടെ ഇന്ത്യ എത്തിയത്. ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി ഇന്ത്യ നേടുന്ന 38-ാം ജയമാണിത്. ഓസ്ട്രേലിയക്കും ഒരു കലണ്ടര്‍ വര്‍ഷം 38 ജയങ്ങളുണ്ട്.
2003ല്‍ ഓസ്ട്രേലിയയുടെ സുവര്‍ണ തലമുറയാണ് 47 മത്സരങ്ങളില്‍ 38 ജയങ്ങള്‍ നേടി ലോകറെക്കോര്‍ഡ് ഇട്ടത്. 2022ല്‍ ഇന്ത്യ 38 ജയങ്ങള്‍ നേടിയത് 55 മത്സരങ്ങളില്‍ നിന്നാണ്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2017ല്‍ ഇന്ത്യ 53 മത്സരങ്ങളില്‍ 37 ജയങ്ങള്‍ നേടിയിട്ടുണ്ട്. 2018ലും 2019ലും ഇന്ത്യ 35 ജയങ്ങള്‍ വീതം നേടിയെങ്കിലും ഓസീസിനെ മറികടക്കാനായിരുന്നില്ല.
ദക്ഷിണാഫ്രിക്കക്കെതിരെ ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന എറ്റവും വലിയ ജയവുമാണിത്. 185 പന്തുള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ഇന്ന് ജയിച്ചു കയറിയത്. 2018ല്‍ സെഞ്ചൂറിയനില്‍ 177 പന്തുകള്‍ ബാക്കി നിര്‍ത്തി ജയിച്ചതായിരുന്നു പന്തുകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വലിയ വിജയം. 1999ല്‍ നയ്റോബിയില്‍ ദക്ഷിണാഫ്രിക്കയെ 164 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ തോല്‍പ്പിച്ചിട്ടുണ്ട്.
12 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ഏകദിന പരമ്പര നേടുന്നത്. നേരത്തെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ ആദ്യ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒന്നാം നിര ടീം രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടി20 ലോകകപ്പ് കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ രണ്ടാം നിര ടീമുമമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്.