മിതാലിക്ക് റെക്കോഡ്; ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ്‌സിനെ മറികടന്നത്. മത്സരത്തില്‍ പുറത്താവാതെ 75 റണ്‍സാണ് മിതാലി നേടിയത്.

India won by four wicket against England in third ODI

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമായി ഇന്ത്യയുടെ മിതാലി രാജ്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിനെയാണ് മിതാലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ്‌സിനെ മറികടന്നത്. മത്സരത്തില്‍ പുറത്താവാതെ 75 റണ്‍സാണ് മിതാലി നേടിയത്. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി താരത്തിന്റെ അക്കൗണ്ടില്‍ 10,273 റണ്‍സായി. 

മിതാലിയുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് 219ന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 49 റണ്‍സ് നേടിയ നതാലി സ്‌കിവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 46.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട്  പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. 

മിതാലിക്ക് സ്മൃതി മന്ഥാന (49)യാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഷെഫാലി വര്‍മ (19), ജമീമ റോഡ്രിഗസ് (4), ഹര്‍മന്‍പ്രീത് കൗര്‍ (16), ദീപ്തി ശര്‍മ (18), സ്‌നേഹ് റാണ (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജുലന്‍ ഗോസ്വാമി (1) പുറത്താവാതെ നിന്നു. സോഫി എക്ലെസ്റ്റോണ്‍ ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, നതാലി സ്‌കിവര്‍ (49), ഹീതര്‍ നൈറ്റ് (46), വിന്‍ഫീല്‍ഡ് ഹില്‍ (36) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. സോഫിയ ഡഗ്ലി (28), എമി എലന്‍ ജോണ്‍ (17), കേറ്റ് ക്രോസ് (പുറത്താവാതെ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. താമി ബ്യൂമോണ്ട് (0), കാതറീന്‍ ബ്രന്റ് (6), സോഫിയ എക്ലെസ്റ്റോണ്‍ (9), സാറാ ഗ്ലെന്‍ (6), അന്യ ഷ്രുബ്‌സോണ്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂനം യാദവ്, സ്‌നേഹ് റാണ, ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios