സെഞ്ചുറിക്കരികെ പ്രതിക വീണു! അയര്‍ലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ സമൃതി മന്ദാനയും സംഘവും ജയത്തോടെ തുടങ്ങി
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന (41) - പ്രതിക സഖ്യം 70 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
രാജ്‌കോട്ട്: അയര്‍ലന്‍ഡ് വനിതകള്‍ക്കെതതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആറ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേടിയത്. 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗാബി ലെവിസാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 34.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സ് നേടിയ പ്രതിക റാവലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. തെജല്‍ ഹസബ്‌നിസ് (53) പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന (41) - പ്രതിക സഖ്യം 70 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ അപകടകാരിയായ മന്ദാനയെ പുറത്താക്കി ഫ്രേയ സര്‍ജന്റ് അയര്‍ലന്‍ഡിന് ബ്രേക്ക് ത്രൂ നല്‍കി. 29 പന്തുകള്‍ മാത്രം നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു സിക്‌സും ആറ് ഫോറും നേടിയിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (20), ജമീമ റോഡ്രിഗസ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ മൂന്നിന് 116 എന്ന നിലയിലായി ഇന്ത്യ. പൊടുന്നനെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും തേജല്‍ - പ്രതിക കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഇരുവരും 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 96 പന്തുകള്‍ മാത്രം നേരിട്ട റാവല്‍ ഒരു സിക്‌സും 10 ഫോറും നേടിയിരുന്നു. എന്നാല്‍ വിജയത്തിനടുത്ത് വച്ച് പ്രതിക മടങ്ങുകയായിരുന്നു. ഇതിനിടെ തേജലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 46 പന്തുകള്‍ നേരിട്ട താരം ഒമ്പത് ബൗണ്ടറികള്‍ നേടി. രണ്ട് പന്ത് എട്ട് റണ്‍സുമായി റിച്ചാ ഘോഷ് പുറത്താവാതെ നിന്നു. ഐമീ മഗൈ്വര്‍ അയര്‍ലന്‍ഡിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, ലെവിസിന് പുറമെ ലിയാ പോള്‍ 59 റണ്‍സെടുത്തു. കൗള്‍ട്ടര്‍ റിലി (15), അര്‍ലേനേ കെല്ലി (28) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
ഒരു ഘട്ടത്തില്‍ നാലിന് 56 എന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്. പിന്നീട് ലെവിസ് - ലിയാ സഖ്യം 117 റണ്‍സ് കൂട്ടിചേര്‍ത്തു. 39-ാം ഓവറിലാണ് ഇരുവരും പിരിയുന്നത്. ലിയയെ പ്രിയ മിശ്ര ബൗള്‍ഡാക്കുകയായിരുന്നു. 73 പന്തുകള്‍ നേരിട്ട താരം ഏഴ് ബൗണ്ടറികള്‍ നേടി. അധികം വൈകാതെ ലെവിസും മടങ്ങി. 129 പന്തുകള്‍ നേരിട്ട 15 ഫോര്‍ നേടിയിന്നു. ദീപ്തി ശര്‍മ സ്വന്തം പന്തില്‍ ക്യാച്ചെടുക്കുകയായിരുന്നു. റിലി - കെല്ലി സഖ്യം അയര്‍ലന്‍ഡിനെ മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. റിലിയും ജോര്‍ജിന ഡെംപ്‌സിയും (6) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി പ്രിയ മിശ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. തിദാസ് സദു, സയാലി സത്ഗാരെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.